നഷ്ടപരിഹാര പാക്കേജില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍ : കോന്തുരുത്തിക്കാര്ക്കു നല്കിയ വാക്ക് പാഴാകുമോ?
1592573
Thursday, September 18, 2025 4:32 AM IST
കൊച്ചി: നാലു പതിറ്റാണ്ടായി കോന്തുരുത്തി പുഴ പുറമ്പോക്കില്‍ താമസിക്കുന്ന 129 കുടുംബങ്ങളുടെ പുനരധിവാസ പാക്കേജില്‍ വ്യക്തത വരുത്താതെ സര്‍ക്കാര്‍. പുനരധിവസിപ്പിക്കുന്നതില്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് പറയുമ്പോഴും ഭൂരഹിതര്‍ക്കുള്ള ഭവന നിര്‍മാണ നയത്തിന്റെ അടിസ്ഥാനത്തിലുള്ള 9.15 ലക്ഷം വീതമുള്ള നഷ്ടപരിഹാരമാകും നല്‍കുകയെന്ന സൂചനയാണ് ടി.ജെ. വിനോദ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി.എന്‍. വാസവന് സഭയെ അറിയിച്ചത്.
പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു കുടുംബത്തിന് 19 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി 24.82 കോടി സ്പെഷല്‍ പുനരധിവാസ പാക്കേജായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തതാണ്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാരിനായില്ല. ഇതിനെതിരെ പരാതിക്കാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി 23ന് പരിഗണിക്കാനിരിക്കെയാണ് 9.15 ലക്ഷം മാത്രമേ നിയമപ്രകാരം നല്കാനാകുകയൂള്ളൂ എന്ന നിലപാട് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. ഇതിന് സര്‍ക്കാര്‍ വിഹിതമായ 11.655 കോടി രൂപ നല്കാന് തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കോടതി വിധിക്ക് വിധേയമായി മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍വഹണ ഏജന്‍സിയായി നടപ്പാക്കുന്ന കനാല്‍ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പുഴയാണ് കോന്തുരുത്തി പുഴ. ആദ്യം കോന്തുരുത്തിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുകരകളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പുഴയെ വീണ്ടെടുക്കണമെന്നും നീരൊഴുക്കു തടസപ്പെടുത്തി നിര്‍മിച്ച റോഡ് പൊളിച്ചു കളയണമെന്നും ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്നാണ് കോന്തുരുത്തി പുഴയെയും കനാല്‍ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 3716.10 കോടി ആകെ ചെലവ് വരുന്ന പദ്ധതിയില്‍ 41.33 കോടിയാണ് കോന്തുരുത്തി പുഴയുടെ പുനര്‍നവീകരണത്തിനായി ചെലവഴിക്കുന്നത്.
ഈ പദ്ധതി നടപ്പാക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്ക്കായാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജ് പ്രഖ്യാപിച്ചെങ്കിലും തുക കൈമാറിയിട്ടില്ലാത്തതിനാല്‍ നിലവിലുള്ള വീടിന്റെ കേടുപാടുകള്‍ പോലും പരിഹരിക്കാനാകാതെ ദുരിതത്തിലാണ് ഈ 129 കുടുംബങ്ങള്‍.
തുരുത്തിക്കോളനിക്കാര്ക്ക് 23 ലക്ഷത്തിന്റെ ഭവനം നിര്‍മിച്ച് നല്കുമ്പോള് കോന്തുരുത്തി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് 9.15 ലക്ഷം മാത്രം നല്‍കുന്നത് നീതികേടാണെന്നും സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ആവശ്യമായ നഷ്ടപരിഹാര തുകയാണ് നല്‍കേണ്ടതെന്നും മുന്‍ ഡിവിഷന് കൗണ്‍സിലര്‍ സി.കെ. പീറ്റര്‍ ആവശ്യപ്പെട്ടു.