ആലുവ-ആലങ്ങാട് റോഡ്: വിശദ വിലനിര്‍ണയ റിപ്പോര്‍ട്ട് അടുത്ത മാസം
1592169
Wednesday, September 17, 2025 3:53 AM IST
ആലങ്ങാട്: ആലുവ-ആലങ്ങാട് റോഡ് വീതി കൂട്ടി നിര്‍മിക്കുന്ന പദ്ധതിക്കുള്ള വിശദ വിലനിര്‍ണയ റിപ്പോര്‍ട്ട് ഒക്ടോബര്‍ 20ന് മുന്‍പായി സമര്‍പ്പിക്കുമെന്ന് മന്ത്രി പി. രാജീവ്. അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ടും പുനരധിവാസ പാക്കേജും ഈയാഴ്ച തന്നെ തയാറാവുമെന്നും പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു.
റോഡ് നിര്‍മാണത്തിനായുള്ള സ്ഥലപരിശോധന പൂര്‍ത്തിയാക്കി. 230 വസ്തുവകകളുടെ വിലനിര്‍ണയം ആണ് നടത്തേണ്ടത്. ഇതില്‍ 190 ഓളം കെട്ടിടങ്ങളാണ്. ഡിസംബറില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. പുനരധിവാസ പാക്കേജ് തയാറാക്കുന്നതിനായി മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുള്ള ഡാറ്റ ശേഖരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
പദ്ധതിക്കായി ആവശ്യമുള്ള 202 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഏറ്റെടുക്കല്‍ നിയമ പ്രകാരമുള്ള സാമൂഹ്യാഘാത പഠനം നേരത്തെ പൂര്‍ത്തിയാക്കുകയും വിദഗ്ധ സമിതി പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പൊതുതെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കി. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക.
ഏഴ് മീറ്റര്‍ വീതിയിലുള്ള ടാര്‍ റോഡിനൊപ്പം സര്‍വീസ് റോഡ്, ഡ്രെയിന്‍ കം ഫുട്പാത്ത്, കേബിള്‍ ഡക്ട് എന്നിവ ഉള്‍പ്പെടെയാണ് 12 മീറ്റര്‍ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ അംഗീകാരം പുതിയ അലൈന്‍മെന്റിന് നേരത്തെ ലഭിച്ചിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര കിഴക്കേ കടുങ്ങല്ലൂര്‍ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതല്‍ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.