അസഭ്യവർഷം: നഗരസഭാ സെക്രട്ടറി പരാതി നൽകി
1514991
Monday, February 17, 2025 4:03 AM IST
ആലുവ: ജീവനക്കാർക്കെതിരേ അസഭ്യവർഷം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത തെരുവുകച്ചവടക്കാർക്കെതിരേ ആലുവ നഗരസഭാ സെക്രട്ടറി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതകൾ ഉൾപ്പെടുന്ന നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ആലുവ പച്ചക്കറി മാർക്കറ്റിന് സമീപം ദേശീയപാത സർവീസ് റോഡ് കൈയേറി വഴിവാണിഭം നടത്തിയവരെ വീണ്ടും ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അസഭ്യവർഷം.
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ ബിജെപിയും പരാതി നൽകി. തെളിവായി വീഡിയോയും സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് എതിരെയും ഒഴിപ്പിക്കൽ നടപടി തടയാനെത്തിയവർ ഭീഷണി മുഴക്കിയിരുന്നു.
ആലുവ നഗരത്തിലെ ദേശീയപാത സർവീസ് റോഡുകൾ, പൊതുമരാമത്ത് റോഡുകൾ, നഗരസഭാ റോഡുകൾ എന്നിവയിൽ അനധികൃത കൈയേറ്റം നടത്തിയവർ ഒഴിഞ്ഞു പോകണമെന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെട്ടു. ഫെബ്രുവരി 5 മുതൽ ആരംഭിച്ച കൈയേറ്റം ഒഴിപ്പിക്കൽ ഇനിയും തുടരുമെന്നും ആലുവ നഗരസഭ അറിയിച്ചു.
അനധികൃത ഫ്ലക്സുകൾ, ബാനറുകൾ എന്നിവയും ഇതോടൊപ്പം നീക്കുന്നുണ്ട്. കൊടിതോരണങ്ങൾ, ഫ്ലക്സുകൾ തുടങ്ങിയവ പൊതുനിരത്തിൽ കണ്ടാൽ ആർക്കും പരാതിപ്പെടാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.