ബജറ്റിലെ 75 ലക്ഷവും കാത്ത് വൈപ്പിനിലെ അഗ്നിരക്ഷാ നിലയം
1514987
Monday, February 17, 2025 3:54 AM IST
വൈപ്പിൻ: വെപ്പും കുടിയും കിടപ്പും ഓഫീസുമൊക്കെയായി രണ്ടുമുറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വൈപ്പിൻ അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ അനുവദിച്ച 75 ലക്ഷം പ്രതീക്ഷയാകുകയാണ്.
വൈപ്പിനിലേതുപോലെ രണ്ട് കുടുസു മുറികളിൽ പ്രവർത്തിക്കുന്ന ഒരു അഗ്നിരക്ഷാ നിലയം സംസ്ഥാനത്ത് വേറെ ഒരിടത്തും കാണാൻ കഴിഞ്ഞേക്കില്ല. ഒരു മുറിയി ഓഫീസ് ആയി പ്രവർത്തിക്കുകയാണ്. രാത്രി ഡ്യൂട്ടിക്കാരുടെ കിടപ്പും, സാമഗ്രികൾ സൂക്ഷിക്കലും, മെസും രണ്ടാമത്തെ മുറിയിലാണ്.
പുതുവൈപ്പ് പ്രത്യേക സാമ്പത്തിക മേഖലയാക്കിയതോടെ വമ്പൻ പദ്ധതികൾ ഈ പ്രദേശത്തേക്ക് വന്നതിന്റെ പാശ്ചാത്തലത്തിലാണ് വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിന്റെ ഉദയം. ഇതിനായി ഏറെ മുറവിളികൂട്ടേണ്ടിവന്നു. അങ്ങിനെ 2016 ൽ പഞ്ചായത്ത് മുൻകൈ എടുത്താണ് അഗ്നിരക്ഷാ നിലയം സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിലായി 20 സെന്റ് ഭൂമിയിലെ ഓടു മേഞ്ഞ ഒരു പഴയ കെട്ടിടം ഇതിനായി കണ്ടെത്തുകയും ചെയ്തു.
അന്ന് ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തീകരിച്ചു പോകുന്നതിന് മുന്പായി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഇത് നാടിന് സമർപ്പിച്ചത്. സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തുന്നതുവരെ താത്കാലികമായിട്ടാണ് ഈ കെട്ടിടത്തിൽ അന്ന് പ്രവർത്തനം തുടങ്ങിയത്. എന്നാൽ പിന്നീട് പുതിയ സ്ഥലം കണ്ടെത്താൻ ആരും കൂട്ടാക്കിയില്ല.
ഇതിനിടെ നിലവിലെ ഭൂമി അഗ്നിരക്ഷാ നിലയത്തിന്റെ പേരിൽ സ്വന്തമായി അനുവദിച്ചു കിട്ടിയതിനെ തുടർന്ന് ഇവിടെ തന്നെ പുതിയ കെട്ടിടം നിർമിക്കാമെന്നായി. എന്നാൽ ഫണ്ടില്ലാതിരുന്നതിനാൽ ഒന്നും നടന്നില്ല. ഇതിനിടെയാണ് ഈ കഴിഞ്ഞ ബജറ്റിൽ കെട്ടിടം നിർമിക്കാൻ സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത്. ഇനി ഇത് സഫലമാക്കാൻ എത്രനാൾ എന്നതും കാത്തിരുന്നു കാണേണ്ടിവരും.