നേര്യമംഗലത്ത് കാട്ടാന കൃഷി നശിപ്പിച്ചു
1507963
Friday, January 24, 2025 4:41 AM IST
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാന ഇറങ്ങി കൃഷിനാശം വരുത്തി. രണ്ടാഴ്ചയോളമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പത്തോളം കര്‍ഷകര്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.
കാഞ്ഞിരവേലി പുത്തയത്ത് രതീഷ്, മായ്ക്കല്‍ ഭാസ്ക്കരന്‍, സഹോദരന് രാജപ്പന്, പുറത്തൂട്ട് രഘു, മുകളേല്‍ അനില്‍കുമാര്‍, കൂത്തമറ്റത്തില്‍ മത്തായി തുടങ്ങിയവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്. ഏത്തവാഴകൃഷിക്കാണ് വലിയ നാശം ഉണ്ടായിരിക്കുന്നത്.
കൂടാതെ തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയ വിളകള്‍ക്കും നാശം വരുത്തിയിട്ടുണ്ട്. അഞ്ചും അതിലധികവും വരുന്ന ആനകൂട്ടവും ഒറ്റയാനും മിക്കവാറും ദിവസങ്ങളില്‍ കൃഷിയിടത്തില്‍ എത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരം കാഞ്ഞിരവേലി കമ്പിലൈന്‍ ഭാഗത്ത് കുഞ്ഞുങ്ങളടക്കം 14 ആനകളാണ് ഉണ്ടായിരുന്നത്.
രതീഷിന്റെ കൃഷിയിടത്തില്‍ കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന 60 ഓളം കുലച്ച ഏത്തവാഴയാണ് ചവിട്ടി മെതിച്ചത്. ഏതാനും ദിവസം മുമ്പ് കാട്ടുപന്നികൂട്ടം ഇറങ്ങി 30 ഓളം ഏത്തവാഴകൾ കുത്തിമറിച്ചിരുന്നു. വന്യജീവികളുടെ വിളയാട്ടം കാരണം പ്രദേശത്ത് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.