നാല്പതിന്റെ നിറവില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍
1507954
Friday, January 24, 2025 4:27 AM IST
കൊച്ചി: എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി നാല്പതാം വാർഷികാഘോഷ നിറവില്‍. നാളെ വൈകിട്ട് ആറിന് കൊച്ചി ഐഎം.എ ഹൗസില്‍ വാര്‍ഷികാഘോഷം നടക്കും. ഇതിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
1985 ജനുവരി 25നാണ് പാലാരിവട്ടം ബൈപാസില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയ നിലയില്‍ ആരംഭിച്ച ആശുപത്രിയില്‍ ഇന്ന് ബെഡ്ഡുകളുടെ എണ്ണം 250 ആയും ഡോക്ടര്‍മാരുടെ എണ്ണം 93 ആയും ജീവനക്കാരുടെ എണ്ണം 830 ആയും വര്‍ധിച്ചു. 30 ല്‍ പരം ചികിത്സാ വിഭാഗങ്ങള്‍ ഉണ്ട്. എന്‍എബിഎച്ച് അക്രഡിറ്റേഷന് പുറമെ ഒട്ടേറെ അംഗീകാരങ്ങളും ആശുപത്രിക്ക് ലഭിച്ചു.
കൂടാതെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ അംഗീകാരത്തോടെ ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിയാട്രിക്സ്, ഗൈനക്കോളജി, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളുടെ ബിരുദാനന്തര ബിരുദ (ഡിഎന്‍ബി) കോഴ്സിന്റെ സെന്റര്‍ കൂടിയാണ് ആശുപത്രിയെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.വി. രവി പറഞ്ഞു.