ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണി ഉണര്‍ന്നു
1484707
Friday, December 6, 2024 3:32 AM IST
കൊച്ചി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി. ഡെക്കറേഷന് ലൈറ്റുകള്‍, നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ, പുല്ക്കൂടുകള് തുടങ്ങിവയെല്ലാം വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇത്തവണയും താരം വ്യത്യസ്തങ്ങളായ നക്ഷത്ര ലൈറ്റുകൾ തന്നെ. ക്രിസ്മസ് വിപണി തുടങ്ങിയതോടെ എറണാകുളം ബ്രോഡ്വേയിലെ കടകളില്‍ വന്‍ തിരക്കാണ്.
വിവിധ വര്‍ണങ്ങളില്‍ തെളിയുന്ന ട്യൂബ് ലൈറ്റുകൾക്ക് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. 300 രൂപ മുതലാണ് വില. കൂടാതെ എല്‍ഇഡി നക്ഷത്രങ്ങളും, മാന്‍, ക്രിസ്മസ് ട്രീ, നക്ഷത്രം എന്നിവയുടെ ആകൃതിയിലുള്ള നിയോണ്‍ ലൈറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.
കടലാസു കൊണ്ടുള്ള സാധാരണ നക്ഷത്രങ്ങള്‍ തേടിയെത്തുന്നവരുമുണ്ട്. ചുവപ്പും വെള്ളയും ഇടകലര്‍ന്ന വാല് നക്ഷത്രങ്ങള്‍, ക്രിസ്മസ് പപ്പ, മാലാഖ, മാനുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത നക്ഷത്രങ്ങൾ വിപണിയിലുണ്ട്. ചെറിയ സൈസിലുള്ള 50 രൂപ മുതല്‍ മുതല്‍ 500 രൂപ വരെ വിലയുള്ള കടലാസ് നക്ഷത്രങ്ങളും, 75 രൂപ മുതല്‍ വലുപ്പമനുസരിച്ച് 800 രൂപ വരെ വിലയുള്ള എല്‍ഇഡി നക്ഷത്രങ്ങളും വിവിധ ആകൃതിയിലുള്ള നിയോണ്‍ ലൈറ്റുകള്‍ക്ക് 650 രൂപ മുതല്‍ 900 രൂപ വരെയുമാണ് വില. ഇവയ്ക്കു പുറമെ 200 രൂപ മുതല്‍ വിലയില്‍ ഫൈബറില്‍ നിര്‍മിച്ച നക്ഷത്രങ്ങളും ലഭ്യമാണ്. ഈ നക്ഷത്രങ്ങൾ മഴയത്ത് ഇടാമെന്നും നിറം മങ്ങില്ലെന്നുംവ്യാപാരികള് പറയുന്നു.
റെഡിമെയ്ഡ് പുല്ക്കൂടുകള് വാങ്ങാനെത്തുന്നവരും ഏറെയാണ്. മുളയിലും തടിയിലും, ഹാര്‍ഡ്ബോര്‍ഡ്, തെര്‍മോക്കോള്‍ എന്നിവയിലും നിര്‍മിച്ച പുല്ക്കൂടുകള് വിപണിയിലുണ്ട്. വലുപ്പം അനുസരിച്ച് പുല്ക്കൂടിന് 180 രൂപ മുതല്‍ 2000 രൂപ വരെയാണ് വില. രൂപങ്ങള്‍ ഉള്‍പ്പെടെയുള്ള പുല്‍ക്കൂടുകൾക്ക് 1200 രൂപ മുതല്‍ 10000 രൂപ വരെയാണ്.
100 രൂപ വിലയുള്ള ചെറിയ ക്രിസ്മസ് ട്രീകള്‍ മുതല്‍ 4500 രൂപ വിലയുള്ള 10 അടി ഉയരമുള്ളവയും വിപണിയിലുണ്ട്. ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനുള്ള എല്‍ഇഡി ലൈറ്റുകളും ബോള്‍, ബെല്‍, പൂക്കള്‍, ചെറി, റെയിന്‍ഡീര്‍ എന്നിവയെല്ലാം 10 രൂപ മുതല്‍ ലഭ്യമാണ്. സാന്താക്ലോസ് വേഷങ്ങളുടെ വില്പനയും തകൃതിയാണ്. ചെറിയ കുട്ടികളുടെ വേഷത്തിന് 90 രൂപ മുതലാണ്. വലിയവര്ക്കുള്ളതിന് 500 രൂപ മുതലാണ് വില. കൂടാതെ സാന്താക്ലോസിന്റെ മുഖംമൂടിയും തൊപ്പിയും വടിയും വാങ്ങാനെത്തുന്നവര്‍ ഏറെയാണ്. സാന്താക്ലോസിന്റെ വിവിധ വലുപ്പത്തിലുള്ള രൂപങ്ങളും വിപണിയില്‍ ലഭ്യമാണ്. 450 രൂപ മുതല്‍ 1000 രൂപ വരെയാണ് വില.