മാര്‍ഷലിംഗ് യാര്‍ഡ് വികസനത്തിന് ഗ്രീന്‍ സിഗ്നല്‍
1484454
Thursday, December 5, 2024 3:27 AM IST
കൊച്ചി: എറണാകുളത്തിന്റെ കാലങ്ങളായുള്ള ആവശ്യമായ പൊന്നുരുന്നിയിലെ മാര്‍ഷലിംഗ് യാര്‍ഡിന്റെ വികസനത്തിന് ഗ്രീന്‍ സിഗ്നല്‍. മാര്‍ഷലിംഗ് യാര്‍ഡിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ ഭൂരേഖ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുമായി എത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രദേശത്ത് പുതിയ റെയില്‍വേ ടെര്‍മിനല്‍ സ്ഥാപിക്കണമെന്ന് ഹൈബി ഈഡന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊച്ചിയുടെ ഹൃദയഭാഗത്ത് 110 ഏക്കര്‍ സ്ഥലം ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുണ്ടെന്നും അമ്പതിനായിരം കോടിയിലധികം രൂപ വില വരുന്ന ഈ ഭൂമിയാണ് വിനിയോഗിക്കാതെ കിടക്കുന്നതെന്നും ഹൈബി ചൂണ്ടിക്കാട്ടി.
നിലവിലെ മാര്‍ഷലിംഗ് യാര്‍ഡ് കൊച്ചി മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയ്ക്ക് സമീപമാണ്. ഇവ സംയോജിപ്പിച്ച് ഒരു മള്‍ട്ടി മോഡല്‍ ട്രാന്സ്പോര്ട്ടേഷന് ഹബ്ബായി വികസിപ്പിക്കാനാകും.
ഇതിന് റെയില്‍വേ മുന്‍ കൈയെടുത്താല് ഒരു ഏകീകൃത ടിക്കറ്റ് സംവിധാനത്തിലൂടെ ട്രെയിനിലും, മെട്രോയിലും, വാട്ടര്‍ മെട്രോയിലും, ബസിലും യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവില്‍ വരുത്താനാകുമെന്നും ഹൈബി പറഞ്ഞു. നിലവില്‍ തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കും, ചരക്കു വണ്ടികളും മറ്റും നിര്ത്തിയിടുന്നതിനുമായാണ് ഈ കണ്ണായ സ്ഥലം റെയില്‍വേ വിനിയോഗിക്കുന്നത്.
പുതിയ വന്ദേഭാരത് ട്രെയിന്‍
കേരളത്തിനായി കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കുക, എറണാകുളം ബംഗളുരു വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുക, എറണാകുളം ബംഗളുരു വന്ദേഭാരത് രാത്രി സര്‍വീസാക്കുക, 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ ഉപയോഗിക്കുക എന്നീ ആവശ്യങ്ങളും ഹൈബി ഈഡന് ലോക്സഭയില്‍ ഉന്നയിച്ചു.
വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസിന്റെ അഭാവത്തില്‍ കൊച്ചി ബംഗളുരു റൂട്ടില്‍ നിന്ന് ലാഭം കൊയ്യുന്നത് സ്വകാര്യ ബസ് ലോബിയാണ്, ഈ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് നേരത്തെയുണ്ടായിരുന്ന കൊച്ചി ബംഗളുരു വന്ദേഭാരത് ട്രെയിന്‍ സ്പെഷല്‍ സര്‍വീസ് റദ്ദാക്കിയതെന്ന് ആക്ഷേപമുണ്ടെന്നും ഹൈബി സഭയെ അറിയിച്ചു.