കൂവപ്പടി വാച്ചാല് പാടത്തെ റോഡ് പണി ഇഴയുന്നു
1478139
Monday, November 11, 2024 4:09 AM IST
പെരുമ്പാവൂര്‍: കൂവപ്പടി റോട്ടിലെ വാച്ചാല് പാടത്തെ റോഡ് പണി ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായെങ്കിലും എങ്കിലും ഇതുവരെ പൂർത്തിയായില്ല. പുതിയ റോഡിനായി കുത്തിപ്പൊളിച്ച റോഡിൽ രൂപപ്പെട്ട കൂഴികൾ മൂലം റോഡ് യാത്ര ദുരിതമയം. റോഡ് പണി തുടങ്ങിയെങ്കിലും പദ്ധതി തുക മതിയാകാതെ വരുമെന്ന് കരാറുകാർ പറഞ്ഞതിനാൽ തുക വർധിപ്പിക്കുവാന്‍ വേണ്ടി മൂന്നുമാസം റോഡ് പണി മുടക്കിയിരുന്നു.
തുക വര്‍ധിപ്പിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്. എന്നാൽ അതിനുശേഷം ഏഴുമാസത്തോളം ആയിട്ടും പണി ഒരിടത്തും എത്തിയിട്ടില്ല. ഇപ്പോള്‍ റോഡ് തുറന്നിട്ടുണ്ടെങ്കിലും വലിയ ചെളിക്കുഴികളാണ്.
ഇതുവരെ പണിപൂര്ത്തീകരിക്കുവാനുള്ള നടപടിക്രമങ്ങള്‍ ഒന്നും നടത്തുന്നില്ല. കുറച്ച് മണ്ണ് ഫില്ലിംഗ് നടത്തിയതല്ലാതെ ഉപരിതലം ഉറപ്പുവരുത്തുവാനോ ടാറിംഗ് നടപടി ആരംഭിക്കുകയോ ചെയ്തിട്ടില്ല. റോഡ് പണിയോടനുബന്ധിച്ച് വഴിതിരിച്ചുവിട്ട പാപ്പന്‍പടി, പിഷാരിക്കല്‍, പടിക്കലപാറ, തൊടപ്പറമ്പ് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇതുവരെ ഈ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായില്ല. വ്യാസ സ്കൂള്‍, കാവുംപുറം യുപി സ്കൂള്‍, പിഷാരിക്കല്‍ ക്ഷേത്രം, കാവുംപുറം പള്ളി കൂടാതെ വിവിധ സ്കൂളുകളിലേക്കും, ആശുപത്രിയിലേക്കും ജോലിക്കും പോകുന്ന ആളുകളും ദുരിതത്തിലാണ്.
എത്രയും പെട്ടെന്ന് വാച്ചാല് പാടം റോഡും പണിക്കായി റോഡ് ബ്ലോക്ക് ചെയ്ത തിരിച്ചുവിട്ട പഞ്ചായത്ത് റോഡുകളും നന്നാക്കിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ബിജെപി കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ ബിജെപി മണ്ഡലം സെക്രട്ടറിമാരായ ദേവച്ചന്‍ പടയാട്ടില്‍, പി.ആര്. സലി, കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി എം സുനില്‍കുമാര്‍ പഞ്ചായത്ത് അംഗം ഹരിഹരന് പടിക്കല്‍, മണി നമ്പിള്ളി എന്നിവര്‍ സംസാരിച്ചു.