ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് 10000 രൂപ തട്ടി
1467071
Thursday, November 7, 2024 12:59 AM IST
പറവൂർ: ലോട്ടറിയിൽ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് വ്യാജ ടിക്കറ്റുകൾ നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തു. പറവൂർ വെസ്റ്റ് സഹകരണ ബാങ്കിന് മുന്നിൽ സ്ഥിരമായി ലോട്ടറി വില്പന നടത്തുന്ന വാവക്കാട് പള്ളത്ത് ഹരി (68) ഇതുസംബന്ധിച്ച് പറവൂർ പോലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ 10നും 11നുമിടയിൽ ഇരുചക്രവാഹനത്തിലെത്തിയ യുവാവ് തനിക്ക് രണ്ടു ലോട്ടറി ടിക്കറ്റുകളിൽ 5000 രൂപ വീതം സമ്മാനം അടിച്ചെന്നും, സമ്മാനത്തുക നൽകണമെന്നും ആവശ്യപ്പെട്ട് ടിക്കറ്റുകൾ ഹരിക്കു നൽകി. തന്റെ കൈവശമുണ്ടായിരുന്ന സമ്മാനം അടിച്ച നമ്പറുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റിലെ നമ്പർ കൃത്യമായിരുന്നതിനാൽ ഹരി ടിക്കറ്റുകൾ വാങ്ങി 10,000 രൂപ നൽകി.
1,600 രൂപയ്ക്ക് ഹരിയുടെ കൈയിൽ നിന്നും വേറെ ടിക്കറ്റുകളും യുവാവ് എടുത്തു.സമ്മാനം അടിച്ചെന്നു വിശ്വസിപ്പിച്ചു യുവാവു നൽകിയ ടിക്കറ്റുകളുമായി ഹരി പതിവായി ടിക്കറ്റെടുക്കുന്ന കൊടുങ്ങല്ലൂരിലെ ഏജൻസിയിൽ ചെന്നപ്പോഴാണ് തട്ടിപ്പു നടന്നതായി മനസിലായത്. തുടർന്നാണ് പരാതി നൽകിയത്. യഥാർഥ ടിക്കറ്റിന്റെ അതേ വലിപ്പത്തിൽ തന്നെയാണ് വ്യാജ ടിക്കറ്റും തയാറാക്കിയിരിക്കുന്നത്. ടിക്കറ്റിലെ നിറങ്ങളിൽ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും നമ്പർ കൃത്യമായിരുന്നതിനാൽ ഹരിയുടെ ശ്രദ്ധയിൽപ്പെട്ടില്ല.
പണം തട്ടിയ ആൾ ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാനായില്ല. എന്നാൽ, ഇയാൾ ഹരിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സഹകരണ ബാങ്കിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.