മൂവാറ്റുപുഴ-തേനി സംസ്ഥാനപാത : കൈയേറ്റ ഭാഗം സർവേ നടത്തി ഏറ്റെടുക്കാൻ തീരുമാനം
1461371
Wednesday, October 16, 2024 3:51 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയിലെ കൈയേറ്റമുള്ള ഭാഗം സർവേ നടത്തി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ ഇന്നലെ തൊടുപുഴ സിവിൽ സ്റ്റേഷനിൽ റവന്യു അധികൃതരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. മൂവാറ്റുപുഴ - തേനി ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ ജോണ് മാറാടികുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സന്പാദിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു.
ഇതേത്തുടർന്ന് ആക്ഷൻ കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റോഡ് പുറന്പോക്ക് അളന്നു തിട്ടപ്പെടുത്താൻ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി തൊടുപുഴ ഭൂരേഖ തഹസിൽദാർക്ക് കർശന നിർദേശം നൽകിയത്. നിലവിൽ രണ്ടംഗ സർവേ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ജീവനക്കാരെ ആവശ്യമായിവന്നാൽ വിട്ടുനൽകും.
കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം മുതൽ കോടിക്കുളം വില്ലേജിലെ മുസ്ലിം പള്ളി കോട്ടക്കവലവരെയുള്ള ഭാഗത്താണ് വീണ്ടും സർവേ നടത്തുന്നത്. ഇവിടുത്തെ പുറന്പോക്ക് ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്ത് രേഖാമൂലം പൊതുമരാമത്ത് വകുപ്പിനു കൈമാറും.
നേരത്തേ റോഡ് പുറന്പോക്ക് അളന്നു തിട്ടപ്പെടുത്തിയിരുന്നെങ്കിലും പൂർണമായി ഏറ്റെടുക്കാതിരുന്നതിനാൽ വീണ്ടും കൈയേറുകയായിരുന്നു. മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയുടെ ഭാഗമായ മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള ഭാഗത്തെ നിർമാണം സമീപനാളിൽ പൂർത്തീകരിച്ചിരുന്നു.
ജർമൻ സാന്പത്തിക സഹായത്തോടെയാണ് ഉന്നതനിലവാരത്തിൽ റോഡ് നിർമിച്ചത്. എന്നാൽ ശേഷിക്കുന്ന ഭാഗത്തെ നിർമാണത്തിനു തുക അനുവദിക്കുകയോ മറ്റു നടപടികൾ പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല.
കരിമണ്ണൂർ പഞ്ചായത്തിലെ കോട്ട പുറന്പോക്ക് നിവാസികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളും എങ്ങുമെത്തിയിട്ടില്ല. എറണാകുളം, ഇടുക്കി ജില്ലകളിലെ കിഴക്കൻ മേഖലകളുടെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പാതയുടെ നിർമാണം പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.