തൂക്കക്കുറവിൽ ജനിച്ച കുഞ്ഞിന് അപ്പോളോയില്‍ പുതുജീവന്‍
1461213
Tuesday, October 15, 2024 5:48 AM IST
അങ്കമാലി: മാസം തികയാതെ തൂക്കക്കുറവോടെ ജനിച്ച പെണ്‍കുഞ്ഞിന് രക്ഷകരായി അപ്പോളോ അഡ്ലക്സ് ആശുപത്രി. 24 ആഴ്ച ഗര്‍ഭാവസ്ഥയില്‍ 600 ഗ്രാം മാത്രം തൂക്കത്തില്‍ ജനിച്ച ഇരട്ട കുഞ്ഞുങ്ങളില്‍ ഒന്നിനെയാണ് 88 ദിവസത്തെ തീവ്ര പരിചരണത്തിലൂടെ രക്ഷപ്പെടുത്തിയത്.
നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ആറു മാസം തികയാതെ ജനിച്ച കുഞ്ഞിന് ജനന സമയം മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ 25 ദിവസത്തെ ഇന്‍വേസീവ് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും 50 ദിവസത്തെ നോണ്‍-ഇന്‍വേസീവ് റെസ്പിറേറ്ററി സപ്പോര്‍ട്ടും നല്‍കുകയായിരുന്നു.
രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായിരുന്ന കുഞ്ഞിന് മറ്റു കുഞ്ഞുങ്ങളെപ്പോലെ മുലപ്പാല്‍ കുടിക്കാനും കുഞ്ഞിന് കഴിയുമായിരുന്നില്ല. നിയോനാറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജിനോ ജോസഫിന്റെയും നിയോനറ്റോളജിസ്റ്റ് ഡോ. നൈസ് ജോണ്‍സന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നല്കിയ ശ്രദ്ധേയമായ പരിചരണത്തിലൂടെ 2.3 കിലോ തൂക്കത്തോടെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.
ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത്, ജൂണിയര്‍ റസിഡന്റ് ഡോ. ഉമ, ഹെഡ് നഴ്സ് അധീന എന്നിവരും മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നു.