കിഴുമുറി പള്ളിയിലെ അമൂല്യ നാണയങ്ങൾ
1599336
Monday, October 13, 2025 5:12 AM IST
പിറവം: രാമമംഗലം കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മേമ്പൂട്ടിൽ കഴിഞ്ഞ നൂറ്റി മുപ്പത് വർഷത്തോളമായി സൂക്ഷിച്ചിരുന്ന അമൂല്യ നാണയ ശേഖരം പുറത്തെടുത്ത് പ്രദർശിപ്പിച്ചു. ദേവലായത്തിൽ മേമ്പൂട്ടിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ ശുചിയാക്കുന്നതിനായാണ് പുറത്തെടുത്തത്.
വിശ്വാസികളും, നാട്ടുകാരുമടക്കം നിരവധി പേരാണ് ഇത് കാണുന്നതിനായി എത്തിയത്. കിഴുമുറിയിൽ പള്ളി കൂദാശ ചെയ്ത 1894 മുതൽ വിശ്വാസികൾ കാണിക്കയായി ഭണ്ഡാരത്തിൽ നിക്ഷേപിച്ചതും പള്ളിക്ക് സമർപ്പിച്ചതുമായ നാണയങ്ങളാണിത്.
പണ്ടുണ്ടായിരുന്ന വിവിധതരം കാശുകൾ, കാലണ, ഒരണ, ഓട്ടക്കാലണ തുടങ്ങിയ നാണയങ്ങൾക്കൊപ്പം മൊറോക്കോ, ഫ്രാൻസ്, ഓസ്ട്രേലിയ, ഇസ്രായേൽ, ബ്രസീൽ, മലേഷ്യ, തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നാണയങ്ങളും, വെള്ളി കൂടുതലായിട്ടുള്ള നാണയങ്ങളുമെല്ലാം ശേഖരത്തിലുണ്ട്.
ഇപ്പോൾ വിനിമയ മൂല്യവും, പൗരാണികമൂല്യമുള്ള പല നാണയങ്ങളും വലിയ തുകയ്ക്ക് ലേലം ചെയ്തിട്ടുള്ളവയാണ്. വികാരി ഫാ. ജോസഫ് മലയിൽ, ട്രസ്റ്റി റോയ് കുര്യൻ, സെക്രട്ടറി ബിനോയ് സ്ക്കറിയ, കൺവീനർമാരായ സാബു മാത്യു പാടത്ത്, ഐസക് ടി. പോൾ, ഷാജു ജോൺ തുടങ്ങിയവർ ചേർന്ന് പുറത്തെടുത്ത നാണയങ്ങൾ കഴുകി വൃത്തിയാക്കി.
പള്ളിയിലെത്തുന്നവർക്ക് കാണാൻ കഴിയുന്ന തരത്തിൽ നാണയങ്ങൾ പ്രദർശിപ്പിക്കാനാണ് സമിതി ഉദ്ദേശിക്കുന്നത്. പരുമല തിരുമേനിയായ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മലങ്കരയിലെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ബാവ, മലങ്കര മെത്രോലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്, എന്നിവർ ചേർന്ന് തറക്കല്ലിട്ട് നിർമാണമാരംഭിച്ച പള്ളി 1894ൽ ഇവർ തന്നെയാണ് കൂദാശ നടത്തിയത്.
നാണായ ശേഖരം കാണുന്നതിന് ജാതി - മത ഭേദമന്യേ ധാരാളമാളുകൾ ഇവിടെയെത്തുന്നുണ്ട്.