ഒലിയപ്പുറത്തെ വൈദ്യുതി ലൈൻ മാറ്റും
1599332
Monday, October 13, 2025 5:02 AM IST
തിരുമാറാടി: ഒലിയപ്പുറത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് പദ്ധതി പൂർത്തിയായി. ഒലിയപ്പുറം നിരപ്പത്താഴം കട്ടേമല താന്നിച്ചുവട്ടിൽ പ്രദേശത്തെ പുരയിടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കാൻ പദ്ധതി പൂർത്തിയായതായി പഞ്ചായത്ത് അംഗം നെവിൻ ജോർജ് അറിയിച്ചു.
മരങ്ങൾക്കിടയിലൂടെയും പുരയിടത്തിലൂടെയും ഇലക്ട്രിക് ലൈനുകൾ കടന്നു പോകുന്ന നിരപ്പത്താഴം കട്ടമല, ഒലിയപുറം ഇല്ലംപടി, താന്നിച്ചുവട്ടിൽ താഴം പ്രദേശത്ത് നിരന്തരമായി വൈദ്യുതി മുടക്കം ഉണ്ടാകുന്നതിന് പരിഹാരം കാണണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് വാർഡ് മെമ്പർ കെഎസ്ഇബി അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി പരിശോധനകൾ നടത്തി എസ്റ്റിമേറ്റ് തയാറാക്കി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകുകയും ചെയ്തിരുന്നു.
ഈ പ്രദേശത്തെ റോഡുകൾ ഉണ്ടാകുന്നതിനു മുന്പേ പുരയിടങ്ങളിലൂടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകളും ഇലക്ട്രിക് ലൈനുകളും പുരയിടങ്ങളിൽനിന്ന് മാറ്റി സ്ഥാപിക്കുന്നതിനായുള്ള ജനറൽ വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി കൂത്താട്ടുകുളം കെഎസ്ഇബി അധികൃതർ അറിയിച്ചു.