മയക്കുമരുന്നിനെതിരെ ഗാനമേളയുമായി റൂറൽ ജില്ലാ പോലീസ്
1599327
Monday, October 13, 2025 5:02 AM IST
നെടുമ്പാശേരി: മയക്കുമരുന്നിനെതിരെ ജനമനസിനെ പാടിയുണർത്താൻ റൂറൽ ജില്ലാ പോലീസിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന "പാടാം ഒരു ഗാനം" എന്ന സംഗീത പരിപാടിക്ക്
ഇന്ന് അത്താണി സിഗ്നൽ ജംഗ്ഷനിൽ ആരംഭിക്കും. ആലുവ സബ്ഡിവിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്റ്റേജിൽ ആർക്കുവെണമെങ്കിലും പാടാം. ട്രാക്ക് ഗാനമേളയാണ് നടക്കുന്നത്. പ്രത്യേക സൗണ്ട് സിസ്റ്റം ഇതിനായി ഒരുക്കിയിട്ടുണ്ട്. ആലുവ സബ്ഡിവിഷനിലെ മുതിർന്ന പോലീസുദ്യോഗസ്ഥരും, റൂറൽ ജില്ലയിലെ പോലീസുകാരിലെ പാട്ടുകാരും, പാടാൻ താത്പര്യമുള്ള പൊതുജനങ്ങളും ഈ പരിപാടിയിൽ പങ്കാളിയാകും. ആദ്യ ദിവസം സ്റ്റാർ സിംഗർ ഗായകൻ ജോബി ജോൺ മുഖ്യതിഥിയാകും.
വൈകുന്നേരം അഞ്ച് മുതൽ രാത്രി 9:30 വരെയാണ് ഗാനമേള. 18ന് സമാപിക്കും. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടക്കുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായാണ് പാടാം ഒരു ഗാനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ് പറഞ്ഞു.