കീരംപാറ പഞ്ചായത്തിൽ പാറ ഖനനത്തിനുള്ള നീക്കം തടയണമെന്ന്
1460723
Saturday, October 12, 2024 4:11 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ 611 മുടിയിൽ പാറ ഖനനത്തിനുള്ള നീക്കം തടയണമെന്ന് കേരള കോണ്ഗ്രസ് നിയോജക മണ്ഡലം നേതൃത്വം ആവശ്യപ്പെട്ടു. കീരംപാറ പഞ്ചായത്തിലെ നാല് മുതൽ ഏഴ് വരെ വാർഡുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന 611 മുടിയുടെ അടിവാരത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്. ഇതിന്റെ 200 മീറ്റർ ചുറ്റളവിൽ സ്കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.
തട്ടേകാട് പക്ഷി സങ്കേതത്തിലേക്കുള്ള എയർ ഡിസ്റ്റൻസ് 1.5 കിലോ മീറ്ററിൽ താഴെയാണ്. കോതമംഗലം - പാലമറ്റം - മൂന്നാർ റോഡിൽ നിന്നും 100 മീറ്റർ അടുത്താണ് പാറമടക്കായി സ്ഥലം തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും വസ്തു ഉടമയുടെ പട്ടയത്തിൽ ഉൾപെടാത്ത റവന്യൂ സ്ഥലമാണ് പാറമടക്കായി തിരിച്ചിട്ടിരിക്കുന്നതെന്ന് ആക്ഷേപമുള്ളതായും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഏത് നിമിഷവും താഴെക്ക് പതിക്കാവുന്ന ധാരാളം വലിയ പാറക്കല്ലുകൾ മലമുകളിലുണ്ട്. അനക്കം സംഭവിച്ചാൽ ഇവ താഴേക്ക് പതിച്ച് വലിയ ദുരന്തങ്ങളുണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. മുൻ കാലത്തെ കാലവർഷക്കെടുതിയിൽ ഉരുണ്ടുവന്നിട്ടുള്ള ഭീമൻ പാറ ഇന്നും ഭീഷണിയായി നിലനിൽക്കുന്നന്നുണ്ടെന്നും ഇവിടെ പാറമടക്ക് അനുവാദം നൽകുന്ന അവസ്ഥയുണ്ടായാൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജോമി തെക്കേക്കര, മണ്ഡലം പ്രസിഡന്റ് ജോജി സ്കറിയ, പഞ്ചായത്തംഗം ബേസിൽ ബേബി, ജോർജ് അന്പാട്ട്, ആന്റണി ഓലിയപ്പുറം, ബിജു വെട്ടികുഴ, ജോസ് കവളമാക്കൽ, എ.വി. ജോണി, മാമ്മച്ചൻ സ്കറിയ, ജോയി എലിച്ചിറ, കെ.പി. ആന്റണി, ജോയി അവരാപാട്ട്, ജോസ് പീച്ചാട്ടുകൂടി, വി.ജെ. മത്തായികുഞ്ഞ്, ജോസ് മുത്തലത്തോട്ടം, ജോസ് ഓലിയപ്പുറം എന്നിവർ സ്ഥലം സന്ദർശിച്ചു.