രാത്രി പത്തു കഴിഞ്ഞാൽ പശ്ചിമ കൊച്ചിക്കാര്‍ക്ക് വീടെത്താന്‍ ബസ് ഇല്ല
1460717
Saturday, October 12, 2024 4:02 AM IST
കൊച്ചി: രാത്രി പത്തിന് ശേഷം പശ്ചിമ കൊച്ചിക്കാര്‍ക്ക് വീടെത്താന്‍ ബസ് സര്‍വീസുകള്‍ ഇല്ലെന്ന് പരാതി. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ പത്തോടെ ഇതുവഴിയുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതിനാൽ അമിതതുക നല്കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കെഎസ്ആര്‍ടിസിയില്‍ നിന്ന് രാത്രികാലങ്ങളില്‍ ദീര്‍ഘദൂര സ്വിഫ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് കൂടുതലും സര്‍വീസ് നടത്തുന്നത്. മുമ്പുണ്ടായിരുന്ന പല റൂട്ടുകളും നിർത്തലാക്കിയതും നിലവിലുള്ള ബസുകള്‍ വൈറ്റിലവഴി പോകുന്നതുമാണ് പശ്ചിമ കൊച്ചിയിലേക്കുള്ള സര്‍വീസ് കുറയാന്‍ കാരണം.
കൊച്ചി നഗരത്തില്‍ നിന്നടക്കം വിവിധ ജോലികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി 11 വരെ എങ്കിലും യാത്രാ ദുരിതം നേരിടുന്ന പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സ്വകാര്യ ബസുകളും സമാന രീതിയില്‍ പത്തോടെ സര്‍വീസ് അവസാനിപ്പിക്കും. പിന്നെ ഓണ്‍ലൈന്‍ ഓട്ടോറിക്ഷകളും യൂബര്‍ ടാക്സികളുമാണ് യാത്രക്കാര്‍ക്ക് ആശ്രയം. നിരക്ക് ഒറ്റയ്ക്ക് താങ്ങാന്‍ കഴിയാത്ത പലരും ഏറെനേരം കാത്തുനിന്ന് ഷെയര്‍ ടാക്സി ബുക്ക് ചെയ്താണ് വീടെത്തുന്നത്.
കെഎസ്ആര്‍ടിസിയിൽ ഫോണ്‍ ഉണ്ട്, പക്ഷേ കാര്യമില്ല
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അന്വേഷണങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ഒരിക്കല്‍ പോലും കിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. നമ്പര്‍ തിരക്കിലാണ്, അല്ലെങ്കില്‍ ഈ നമ്പര്‍ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ബസുകളുടെ സര്‍വീസ് വിവരങ്ങള്‍ ഇതുമൂലം അറിയാന്‍ കഴിയുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു.