ബസപകടത്തിൽ വിദ്യാർഥിക്കു പരിക്ക് : എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിന് മുന്നിൽ രക്ഷകര്‍ത്താക്കളും അധ്യാപകരും പ്രതിഷേധിച്ചു
1460379
Friday, October 11, 2024 3:35 AM IST
കൊച്ചി: എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിന് മുന്നിൽ ഇന്നലെ രാവിലെ ഉണ്ടായ ബസ് അപകടത്തില്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ കൈ ഒടിയുകയും രക്ഷാകര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിൽ രക്ഷാകര്‍ത്താക്കളും അധ്യാപകരും സൂചനാ പ്രതിഷേധ സമരം നടത്തി.
സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായി ബസ് ഓടിക്കുന്നതും സ്റ്റോപ്പിലല്ലാതെ നിര്‍ത്തുന്നതും മറ്റ് വാഹനങ്ങള്‍ സ്കൂളിനു മുന്നില്‍ അനധികൃതമായി പാര്‍ക്കിംഗ് നടത്തുന്നതും അവസാനിപ്പിക്കണമെന്ന് രക്ഷാകര്‍ത്താക്കളും അധ്യാപകരും ആവശ്യപ്പെട്ടു.
എല്‍പി, യുപി, ഹയര്‍ സെക്കൻഡറി പിടിഎകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡോ. സുമി ജോയി ഓലിയപ്പുറം (പിടിഎ പ്രസിഡന്റ് ഹയര്‍ സെക്കൻഡറി), കെ.പി. ഷിജു (യുപി. വിഭാഗം പ്രസിഡന്റ്) പി. എന്‍. സിജു (എല്‍പി വിഭാഗം പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം നല്കി.
സൂചനാ പ്രതിഷേധ സമരത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംയുക്ത സമിതി അറിയിച്ചു.