തട്ടേക്കാട് പക്ഷിസങ്കേതം സംസ്ഥാന സർക്കാരിന്റെ ശിപാർശയ്ക്ക് തത്വത്തിൽ അംഗീകാരമെന്ന് എംഎൽഎ
1460215
Thursday, October 10, 2024 7:24 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽനിന്നും ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശിപാർശ കേന്ദ്ര വന്യജീവി ബോർഡ് അംഗീകരിച്ചതായി ആന്റണി ജോണ് എംഎൽഎ. ഇന്നലെ ചേർന്ന കേന്ദ്ര വന്യജീവി ബോർഡിന്റെ പരിഗണനയ്ക്ക് വന്ന വിഷയത്തിൽ തുടർ നടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘം സ്ഥല പരിശോധന നടത്തുന്നതാണ്.
വസ്തുതകൾ പരിശോധിച്ച ശേഷം കേന്ദ്ര വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ വീണ്ടും പരിഗണിക്കുമെന്നും അതിന് ശേഷം ഫോറസ്റ്റ് ക്ലിയറൻസ് കൂടി ലഭ്യമാകേണ്ടതുണ്ട്. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കഴിഞ്ഞ അഞ്ചിന് സംസ്ഥാന വന്യജീവി ബോർഡിന്റെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കുകയും തട്ടേക്കാടിന്റ വിഷയം പ്രത്യേക അജണ്ടകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന് വീണ്ടും ശിപാർശ നൽകുകയുമാണ് ഉണ്ടായതെന്ന് എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പരിധിയിൽനിന്നും ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനൽകിയതായും ആന്റണി ജോണ് എംഎൽഎ അറിയിച്ചു.