ഡിജെ ഷോയ്ക്കിടെ മോഷ്ടിച്ച മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ ഉത്തരേന്ത്യയിലെന്ന് പോലീസ്
1460025
Wednesday, October 9, 2024 8:25 AM IST
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞന് അലന് വാക്കറുടെ ഡിജെ ഷോയ്ക്കിടെ മോഷ്ടിച്ച മൊബൈല്‍ ഫോണുകളിൽ ഏതാനും ഫോണുകള്‍ ഉത്തരേന്ത്യയില്‍ ഓണായെന്നും ലൊക്കേഷന്‍ ലഭിച്ചതായും മുളവുകാട് പോലീസ് അറിയിച്ചു.
നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ ഓണായതായി കണ്ടെത്തിയത്.
ഇവയെല്ലാം നിലവില്‍ ഉത്തരേന്ത്യയിലെ ലൊക്കേഷനുകളാണ് കാണിക്കുന്നതെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മുളവുകാട് എസ്എച്ച്ഒ അറിയിച്ചു. ഞായറാഴ്ച രാത്രി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോയ്ക്കിടെയാണ് വില കൂടിയ 35ഓളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്.
വടക്കന്‍ പറവൂര്‍ സ്വദേശിയായ 28കാരനാണ് പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് സമാന പരാതിയുമായി നിരവധി പേര് എത്തുകയായിരുന്നു.