ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
1459571
Monday, October 7, 2024 10:12 PM IST
മൂവാറ്റുപുഴ: വീടിന്റെ ടെറസിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി ബാബുൾ ഹുസൈ(40)നെയാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തവളക്കവല കൊച്ചുകുടിയിൽ തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന ബാബുളിനെ തോമസിന്റെ സഹോദരൻ വർഗീസാണ് വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട്ടിൽ താമസിക്കുന്ന തോമസിന്റെയും സഹോദരന്റെയും വീട്ടിൽ നാളുകളായി ജോലി ചെയ്തുവരികയായിരുന്നു ബാബുൾ. മരിച്ച ബാബുളും ഭാര്യയും ഭാര്യ സഹോദരിയും കുട്ടിയുമാണ് ഔട്ട് ഹൗസിൽ താമസിച്ചിരുന്നത്. ബാബുളിന്റെ മരണത്തെ തുടർന്ന് ഇവരെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിച്ചില്ല. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് അഞ്ചുദിവസത്തിനടുത്ത് പഴക്കമുണ്ട്. ആളെ പുഴുവരിച്ച് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് കണ്ടെത്തിയത്.