കുസാറ്റ് കവലയിൽ യു ടേൺ സൗകര്യമൊരുക്കും: മന്ത്രി
1459449
Monday, October 7, 2024 5:08 AM IST
കളമശേരി: എച്ച്എംടി കവലയിലെ ട്രാഫിക് പരിഷ്കാരംകൊണ്ട് കുസാറ്റ് സിഗ്നൽ കവലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യുടേൺ സൗകര്യമൊരുക്കാൻ മന്ത്രി പി. രാജീവ് നിർദേശിച്ചു.
എച്ച്എംടി റോഡിലെ ഗതാഗത സ്തംഭനം ഒഴിഞ്ഞതോടെ ആലുവ, എച്ച്എംടി ഭാഗങ്ങളിൽ നിന്ന് കുസാറ്റ് കവലയിലേക്ക് ഒഴുകിയെത്തുന്ന വാഹനങ്ങൾ കാരണം കുസാറ്റ് സിഗ്നലിൽ വാഹനസാന്ദ്രത കൂടുകയും കുസാറ്റ് റോഡ്, സൗത്ത് കളമശേരി റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ യൂടേൺ സൗകര്യമൊരുക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയത്.
ഇതനുസരിച്ച് സൗത്ത് കളമശേരിയിൽ നിന്ന് എറണാകുളം, കുസാറ്റ് ഭാഗങ്ങളിലേക്ക് പോകാൻ കുസാറ്റ് സിഗ്നൽ കവലയിലെത്തുന്ന വാഹനങ്ങൾക്ക് മെട്രൊ പില്ലർ നമ്പർ 293 നും 294നും ഇടയിലായി യുടേൺ സൗകര്യമൊരുക്കും.
കുസാറ്റ് റോഡിൽ നിന്ന് ആലുവ, സൗത്ത് കളമശേരി ഭാഗങ്ങളിലേക്ക് പോകാൻ കവലയിലെത്തുന്ന വാഹനങ്ങൾക്ക് മെട്രൊ പില്ലർ നമ്പർ 311 നും 312നും ഇടയിലായി യുടേൺ സൗകര്യമൊരുക്കും.
ഇതോടൊപ്പം ഇടപ്പള്ളി ടോളിലെ നിലവിലുള്ള യു ടേൺ റോഡിന് കൂടുതൽ വീതിയുള്ള ഭാഗമായ പില്ലർ നമ്പർ 380നും 381നും ഇടയിലേക്ക് മാറ്റും.
ആര്യാസ് കവലയിൽ നിന്ന് റെയിൽവെ ഓവർ ബ്രിഡ്ജ് ഉൾപ്പെടുന്ന എൻഎഡി റോഡ് വരെയുള്ള ഭാഗത്ത് കാൽനടക്കാർക്കായി പ്രത്യേകം നടപ്പാത സ്ഥാപിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.