റൈസ് പുള്ളര്‍ തട്ടിപ്പ്: പ്രതി ആന്ധ്രയിലും സമാന തട്ടിപ്പ് നടത്തി
1459244
Sunday, October 6, 2024 4:16 AM IST
കൊച്ചി: റൈസ് പുള്ളര്‍ വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മുൻപും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ആളെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് തോപ്പുംപടി ചുള്ളിക്കല്‍ അറക്കല്‍ ആന്റണി വിനുവിനെ(45)യാണ് തോപ്പുംപടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പണം വര്‍ധിക്കുമെന്ന് വിശ്വസിപ്പിച്ച് ഇരുതല മൂരി, വെള്ളിമൂങ്ങ എന്നിവ നല്‍കിയാണ് ഇയാള്‍ മുമ്പ് ആന്ധ്രയിലെ ചിറ്റൂരില്‍ തട്ടിപ്പ് നടത്തിയത്. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.
കഴിഞ്ഞ ദിവസം ആലുവ സ്വദേശിയില്‍ നിന്നാണ് റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടാന്‍ ശ്രമം നടത്തിയത്. പതിനൊന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും മുദ്ര പത്രത്തില്‍ കരാർ തയാറാക്കി അഡ്വാന്‍സായി 1,25,000 രൂപയും വാങ്ങുകയായിരുന്നു.
പിന്നീട് ഇത് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതോടെ ആലുവ സ്വദേശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് തോപ്പുംപടി സിഐ സി.ടി. സഞ്ജയ് പറഞ്ഞു.