കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും : 151 പെൻ, വെള്ളി കുരിശുകളേന്തി ഭക്തി നിർഭരമായ പ്രദക്ഷിണം
1458795
Friday, October 4, 2024 4:13 AM IST
കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളി കന്നി 20 പെരുന്നാളിന് 151 പെൻ, വെള്ളി കുരിശുകളേന്തി ഭക്തി നിർഭരമായ പ്രദക്ഷിണം. പെരുന്നാൾ ഇന്ന് കൊടിയിറങ്ങും. ആയിരങ്ങൾ പ്രദക്ഷിണത്തിൽ പങ്കുചേർന്നു. പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളിയിലേക്ക് നായർ യുവാവ് വഴികാട്ടിയതിന്റെ സ്മരണക്കായി അവരുടെ തലമുറക്കാരൻ പി.എസ്. സുരേഷ് ഇക്കുറിയും പ്രദക്ഷിണ വഴികളിൽ തൂക്ക് വിളക്കേന്തി.
ബ്രസീലിൽനിന്നും കടലും കരകളും താണ്ടി എൽദോ മാർ ബസേലിയോസ് ബാവ കോതമംഗലം കോഴിപ്പിള്ളി ചക്കാലക്കുടിയിൽ എത്തിയപ്പോൾ സുരേഷിന്റെ മുൻ തലമുറക്കാരായിരുന്നു ബാവയെ പള്ളിയിലേക്ക് വഴികാട്ടിയത്. ചെറിയ പള്ളിയിൽ നിന്നാരംഭിച്ച പ്രഭക്ഷിണം കിഴക്കേ അങ്ങാടി, കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടിയിലെ ബാവായുടെ നാമത്തിലുള്ള ചാപ്പൽ എന്നിവടങ്ങളിൽ ധൂപ പ്രാർഥന നടത്തി തിരികെ പള്ളിയിലെത്തി. ഏലിയാസ് മാർ യൂലിയോസ് മൊത്രാപ്പോലീത്ത ആശീർവദിച്ചു.
പ്രദക്ഷിണത്തിന് ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലി വേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റി പുറം, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , 8 ന് വിശുദ്ധ മൂന്നിൻമേൽ കുർബാന - മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് പാച്ചോർ നേർച്ച, വൈകിട്ട് 4ന് കൊടിയിറക്ക്.