റോഡ് റീടാറിംഗിൽ അഴിമതിയെന്ന് നാട്ടുകാർ
1458222
Wednesday, October 2, 2024 4:07 AM IST
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിൽ റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ പന്നക്കാട് - കിഴക്കേപ്പൊക്കം റോഡ് തകർന്നു. റീടാറിംഗ് നടത്തി രണ്ടു വർഷം പിന്നിട്ടപ്പോൾ തന്നെ റോഡ് തകർന്നതിൽ അഴിമതി ഉണ്ടെന്നു നാട്ടുകാരുടെ പരാതി.
റോഡിൽ ചിതറിക്കിടക്കുന്ന മെറ്റൽ ചീളുകളിലും കുഴിയിലും ചാടി ദിവസേന വാഹനയാത്രികർ അപകടത്തിൽപെടുകയാണ്. ചെറിയപ്പിള്ളിയിൽ നിന്നു തത്തപ്പിള്ളി, വാണിയക്കാട്, ആനച്ചാൽ എന്നിവിടങ്ങളിലേക്കു എളുപ്പത്തിൽ പോകുന്നതിനുള്ള ഇടറോഡാണിത്. ഒരു കിലോമീറ്ററോളം നീളം വരുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ പ്രധാന സഞ്ചാര മാർഗമാണ് ഈ റോഡ്.
നിലവിൽ ടാറിംഗ് എല്ലാം അടർന്നു പോയി മെറ്റൽ ചീളുകൾചിതറിക്കിടക്കുന്ന അവസ്ഥയാണിപ്പോൾ. നിലവിൽ ഇതിലൂടെ സഞ്ചരിക്കാൻ തന്നെ പ്രയാസമാണെന്നു നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങളൊന്നും അധികം ഇതുവഴി കടന്നു പോകാറില്ല.
എന്നിട്ടും വാഹനങ്ങൾ റോഡ് പെട്ടെന്നു തകർന്നതോടെ നിർമാണത്തിൽ അഴിമതി നടന്നെന്ന ആരോപണം ഉയർന്നിട്ടുണ്ട്.നാട്ടുകാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.