വരകളിലൂടെ രാഷ്ട്രപിതാവിന് പ്രണാമം അര്‍പ്പിച്ച് വിദ്യാര്‍ഥികള്‍
1458220
Wednesday, October 2, 2024 4:07 AM IST
കൊച്ചി: വരകളിലൂടെ വിദ്യാര്‍ഥികള്‍ രാഷ്ടപിതാവിന് പ്രണാമം അര്‍പ്പിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ കോണ്‍ക്ലേവില്‍ ഗാന്ധി സ്മൃതി വരയിലാണ് വിദ്യാര്‍ഥികളും കാര്‍ട്ടൂണിസ്റ്റുകളും ഗാന്ധിജിക്ക് വരകളാല്‍ പ്രണാമം അര്‍പ്പിച്ചത്. മന്ത്രി സജി ചെറിയാന് ഗാന്ധിയെ വരച്ച് ഗാന്ധി സ്മൃതി വര ഉദ്ഘാടനം ചെയ്തു.
എസ്എച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ബിജു, എസ്എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്, കാര്‍ട്ടൂണ്‍ കോണ്‍ക്ലേവ് ഡയറക്ടര്‍ അനൂപ് രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍, ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണന്, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്മാന് സുധീര്‍ നാഥ് എന്നിവരാണ് ഗാന്ധിസ്മൃതി തത്സമയ വരയില്‍ ആദ്യം വരച്ചത്. കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ഗാന്ധി കാര്‍ട്ടൂണുകളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയും, എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മീഡിയ സ്കൂളായ എസ്എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനും സംയുക്തമായാണ് ത്രിദിന കാര്‍ട്ടൂണ്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിക്കുന്നത്.
കോണ്‍ക്ലേവ് ഇന്ന് സമാപിക്കും. രാവിലെ പബ്ലിക് റിലേഷനും പരസ്യങ്ങളും കാര്‍ട്ടൂണും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. കാര്‍ട്ടൂണിന്റെ ആര്‍ട്ടിസ്റ്റിക് ഇന്റലിജന്‍സ് വേഴ്സസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ ശബരീഷ് രവി പ്രസംഗിക്കും.