വേതന വര്‍ധനവില്ല, പണിയും കുറവ് : തൊഴിലുറപ്പിന് തൊഴിലാളി ക്ഷാമം
1454580
Friday, September 20, 2024 3:23 AM IST
കൊച്ചി: വേതന വര്‍ധനവിന് പുറമേ പണിയും കുറഞ്ഞതോടെ ജില്ലയില്‍ തൊഴിലുറപ്പിന് തൊഴിലാളികളെ കിട്ടാതെയായി. പല പഞ്ചായത്തുകളിലും ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മൂന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ജില്ലയില്‍ തൊഴിലുറപ്പിന്റെ ഭാഗമായിരുന്നതെങ്കില്‍ നിലവില്‍ ഇത് ഒന്നര ലക്ഷത്തോളം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
നിയമപ്രകാരം ഒരു ജോലി കഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ പണമെത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മൂന്നുമുതല്‍ ആറുമാസം വരെ വൈകിയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് പണം ലഭിക്കുന്നത്. ഇതിനുപുറമേ വേതനം വര്‍ധിക്കാത്തതും തൊഴിലാളി ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
പ്രതിദിനം 346 രൂപയാണ് വേതനം. നേരത്തെ ഇത് 333 രൂപയായിരുന്നു. ബഡ്ജറ്റില്‍ 13 രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത് കുടിശികയാണെന്നും തൊഴിലാളികള്‍ പറയുന്നു.
ഒരു ഭൂവുടമയുടെ സ്ഥലത്ത് ഒരുതവണ ജോലി ചെയ്താല്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം. പണി കുറയുന്നതിന് ഈ പുതിയ നിര്‍ദേശവും കാരണമായിട്ടുണ്ട്. കൃഷി, പറമ്പ് വൃത്തിയാക്കല്‍, മഴക്കുഴി നിര്‍മാണം, കിണര്‍ നിര്‍മാണം, തൊഴുത്ത് നിര്‍മാണം, കൈയാല നിര്‍മാണം, കെട്ടിട നിര്‍മാണം തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന തൊഴിലുകള്‍.
മുമ്പ് റബര്‍ തോട്ടങ്ങളില്‍ വളമിടാനായി ചെറിയ കുഴികള്‍ എടുത്താല്‍ മതിയായിരുന്നു. ഇപ്പോള്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ വരെ കുഴി എടുക്കണം. ഇത്രയും ആഴത്തില്‍ കുഴി എടുക്കാന്‍ സ്ഥലയുടമകള്‍ സമ്മതിക്കാത്തതും ജോലി നഷ്ടത്തിനു കാരണമായിട്ടുണ്ട്.