നികുതി വരുമാനം : തൃക്കാക്കര നഗരസഭയ്ക്ക് 10 കോടി വർധന
1454577
Friday, September 20, 2024 3:23 AM IST
കാക്കനാട് : റവന്യൂ വരുമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള തൃക്കാക്കര നഗരസഭയിൽ വിവിധ നികുതിയിനങ്ങളിലും കെട്ടിടവാടകയിലുമായി ബാങ്കിലുള്ളത് 63 കോടി രൂപ. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ 10.3 കോടി രൂപയാണ് വർധിച്ചത്. പ്രഫഷണൽ ടാക്സായി ഇത്തവണ അഞ്ചു കോടിയുടെ വർധനയുണ്ടായപ്പോൾ ഈയിനത്തിൽ മാത്രം സമാഹരിച്ചത് 23 കോടി രൂപ.
വാടകയിനത്തിൽ 50 ലക്ഷം രൂപയെന്നത് 1.20 കോടിയായും വർധിച്ചു. കെട്ടിട നികുതി ഇനത്തിൽ 11 കോടിയായിരുന്നു കഴിഞ്ഞ കൊല്ലം വരെ ലഭിച്ചതെങ്കിൽ ഇപ്പോൾ തുക 13 കോടിയായി വർധിച്ചു. വാടക, പ്രഫഷണൽ ടാക്സ് എന്നിവ പിരിക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടായെന്നാണ് ഭരണസമിതിയുടെ തീരുമാനം. നികുതിയിനത്തിൽ ഒരു കോടി രൂപയുടെ കുടിശികയുള്ള ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിന് വീണ്ടും നോട്ടീസ് അയച്ചതായി അധികൃതർ പറഞ്ഞു.
മുനിസിപ്പൽ കെട്ടിടവാടക കുടിശിക അടക്കാത്തവർക്കു രണ്ടുതവണ നോട്ടീസ് അയച്ചു. മൂന്നാം തവണ നോട്ടിസ് ഈ ആഴ്ച തന്നെ അയക്കുമെന്നും അടുത്ത പടിയായി റവന്യൂ റിക്കവറി നടത്തുമെന്നും പി.എം. യൂനിസ് പറഞ്ഞു.