കൊങ്ങോർപ്പിള്ളി കവലയുടെ വികസനമുരടിപ്പ്; റെസിഡന്റ്സ് അസോ. പ്രതിഷേധം നാളെ
1454312
Thursday, September 19, 2024 3:35 AM IST
ആലങ്ങാട് : ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി കവലയുടെ വികസന മുരടിപ്പിനു പരിഹാരമാകുന്നില്ല. കവലയുടെ വികസനത്തിനും അധികാരികളുടെ അവഗണനയ്ക്കും എതിരേ ആലങ്ങാട് പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് അഞ്ചിനു കവലയിൽസമരം സംഘടിപ്പിക്കുന്നു.
ആലങ്ങാട് പഞ്ചായത്തിലെ ഏറ്റവും തിരക്കുള്ള കവലയാണ് കൊങ്ങോർപ്പിള്ളി. പക്ഷേ ആവശ്യമായ വികസനങ്ങൾ ഒന്നും തന്നെ കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ നടന്നിട്ടില്ല. ആലുവ, വരാപ്പുഴ, പറവൂർ, കടുങ്ങല്ലൂർ എന്നീ പ്രധാന ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെല്ലാം ഈ കവലയിൽ നിന്നു തിരിഞ്ഞാണു പോകുന്നത്.
എന്നാൽ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ, സിഗ്നൽ ലൈറ്റുകളോ ഇവിടെയില്ല. നാലു ഭാഗങ്ങളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ കടന്നു വരുന്നതിനാൽ കവലയിൽ അപകട സാധ്യത ഇരട്ടിയാണ്.
കാലങ്ങളായുള്ള ആവശ്യമാണ് കവല വീതി കുട്ടി സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നുള്ളത് കവലയുടെ വികസനത്തിനായി സർക്കാർ 3 കോടി രൂപ ബജറ്റിൽ വകയിരുത്തിയെത്തിയെന്നുപറയുന്നുണ്ടെങ്കിലും നാളിതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും കവലയിൽ നടന്നിട്ടില്ല. സ്ഥലമേറ്റെടുത്തു വീതി കുട്ടണമെന്നുള്ള ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല.
സ്ഥലം എംഎൽഎയും മണ്ഡലത്തിലെ മന്ത്രിയുമായ പി. രാജീവിനെ ഈ വിഷയവുമായി ബന്ധപ്പെട്ടു പലതവണ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടോപ്പം സമീപത്തെ എടയ്ക്കാത്തോട് പാലം, അക്കാമ കലുങ്ക് എന്നിവയും വീതി കുട്ടി പുനർ നിർമിക്കണമെന്നുള്ളതുജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
എത്രയും വേഗം കവലയുടെ വികസനം യാഥാർഥ്യമാകണമെന്ന് ആവശ്യപ്പെട്ടാണ് ആലങ്ങാട് പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ സമരം സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികളായ സാജു കോയിത്തറ, എ.സി. രാധാകൃഷ്ണൻ രമേഷ് ബാബു, ബെന്നി പന്നേരി , എം.എസ്.ആനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.