ആലുവ-പെരുമ്പാവൂർ റോഡ് പുനർനിർമാണം 25 മുതൽ
1454309
Thursday, September 19, 2024 3:35 AM IST
ആലുവ: തകർന്നു കിടക്കുന്ന ആലുവ-പെരുമ്പാവൂർ റോഡ് ഭാഗികമായി 25 മുതൽ പുനർനിർമിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ച് കഴിഞ്ഞതായി വാട്ടർ അഥോറിറ്റി അറിയിച്ചതിനെ തുടർന്നാണ് പൂർത്തിയായ മേഖലയിൽ റോഡ് പുന:സ്ഥാപിക്കാൻ തീരുമാനമായത്.
ഈ മാസം 23 ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം മതിയാക്കി റോഡ് നിർമാണത്തിലേക്ക് കടക്കുന്നത്. റോഡ് നിർമാണം വൈകിയാൽ വാട്ടർ അഥോറിറ്റിയിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ആലുവ നഗരസഭാതിർത്തിയായ തോട്ടുംമുഖം മുതൽ കുട്ടമശേരി ഹയർസെക്കൻഡറി വരെയാണ് ആദ്യഘട്ടത്തിൽ റീ ടാറിംഗ് ചെയ്യുക. കുട്ടമശേരി ജംഗ്ഷൻ മുതൽ പകലോമറ്റം വരെയുള്ള ടാറിംഗ് രണ്ടാം ഘട്ടമായി നടക്കും. ഭൂഗർഭ പൈപ്പുകളിലെ ചോർച്ച പൂർണമായി ഇല്ലാതാക്കാൻ കഴിയാത്തതിനാലാണ് ഈ മേഖല രണ്ടാം ഘട്ടത്തിലേക്ക് മാറ്റുന്നത്.
ഇതിന് മുന്നോടിയായുള്ള താഴ്ന്ന സ്ഥലങ്ങൾ ബലപ്പെടുത്തൽ, ഉയർത്തൽ, റോഡരികുകൾ വൃത്തിയാക്കൽ, പ്രൈം കോട്ടടിക്കൽ എന്നീ പ്രവർത്തികൾ ഇന്നു മുതൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാൽ നിലവിലെ കാലാവസ്ഥയിൽ മാറ്റം വന്നാൽ പ്രവർത്തികൾ നിർത്തിവയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.