ചെങ്ങമനാട് ഗവ. ഹൈസ്കൂളിൽ മോഷണസംഘത്തിന്റെ അഴിഞ്ഞാട്ടം
1454304
Thursday, September 19, 2024 3:29 AM IST
നെടുമ്പാശേരി : ചെങ്ങമനാട് ഗവ. ഹൈസ്കൂളിൽ ചെമ്പ് കമ്പി മോഷ്ടിക്കുന്ന സംഘത്തിന്റെ അഴിഞ്ഞാട്ടം. സ്കൂളിലെ ക്ലാസ് മുറികളുടെയും മറ്റും വാതിലുകളും വൈദ്യുതീകരണവും തകർത്തു. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും സ്റ്റാഫ് റൂമുകളും കേട് വരുത്തിയ സംഘം ഇലക്ട്രിക് വയറുകൾ തകർത്ത് ചെമ്പ് കമ്പികൾ മോഷ്ടിച്ചു.
നാല് ക്ലാസ് മുറികളുടെയും ഹെഡ്മാസ്റ്ററുടെയും ജീവനക്കാരുടെയും മുറികളുമാണ് കുത്തിപ്പൊളിച്ച് അകത്തുകയറി വ്യാപകനാശം വരുത്തിയ നിലയിൽ കണ്ടെത്തിയിട്ടുള്ളത്. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് സ്വിച്ച് ബോർഡുകൾ കേട് വരുത്തുകയും വയറുകൾ വലിച്ചെടുത്ത് അതിലെ ചെമ്പ് കമ്പികൾ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തിട്ടുമുള്ളത്.
ക്ലാസ് മുറികളിലെ സീലിംഗ് ഫാനുകളുടെ അടിഭാഗവും അഴിച്ചെടുത്ത നിലയിലാണ്. ഫാനുകളുടെ മോട്ടറുകളുടെ ചെമ്പ് കമ്പികൾ എടുത്ത ശേഷം ബാക്കിയുളളവ ക്ലാസ് മുറിയിൽ ഉപേക്ഷിച്ച നിലയിലാണ്. ക്ലാസ് മുറികളിലെ പ്രൊജക്ടുകളും കേട് വരുത്തിയിട്ടുണ്ട്.
സ്കൂളിൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് സ്ഥാപിച്ച 10,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ പ്യൂരിഫയറിന്റെ മോട്ടോറും തകർത്തിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ മുറിയുടെ വാതിൽ പൂർണമായും തകർത്ത നിലയിലാണ്. സ്റ്റാഫ് റൂമിലെ അലമാര തകർത്ത് വിലപ്പെട്ട രേഖകളും വസ്തുക്കളും വാരിവിതറിയ നിയിലാണ്. ചെമ്പ് കമ്പികൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ വിദഗ്ദമായി മോഷ്ടിക്കുന്നവരും സ്കൂൾ സാഹചര്യം കൂടുതൽ അടുത്തറിയാവുന്നവരുമായ സംഘമാണ് അഴിഞ്ഞാട്ടത്തിന് പിന്നിലെന്നാണ് സൂചന. കൂടുതലായും ക്ലാസ് മുറികളിൽ നിന്നാണ് ചെമ്പ് കമ്പി മോഷ്ടിച്ചിട്ടുള്ളത്.
ബുധനാഴ്ച രാവിലെ ഓഫീസ് തുറക്കാൻ പ്യൂൺ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ഹെഡ്മാസ്റ്റർ പി.എസ്. അനിൽകുമാറിനെ വിവരമറിയിച്ചു.
അതോടെ പിടിഎ പ്രസിഡന്റ് അബ്ദുസമദ്, എസ്എംസി ചെയർമാൻ ഹരിപ്രസാദ്, പ്രിൻസിപ്പൽ എം.എസ്. വൃന്ദ, ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി, വാർഡ് അംഗം സി.എസ്. അസീസ് തുടങ്ങിയവർ സ്ഥലത്തെത്തി. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ നിരവധി തവണ മോഷണവും സ്കൂളിന് നേരെ ആക്രമണവുമുണ്ടായിട്ടുണ്ടെന്നാണ് പരാതി.
എന്നാൽ നാളിതുവരെയുണ്ടായ കേസുകൾക്കൊന്നും തുമ്പുണ്ടാക്കാൻ സാധിക്കാതിരുന്നത് പോലീസിന്റെ കഴിവുകേടാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് ചെങ്ങമനാട് സിഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നായയും വിരലടയാള വിദഗ്ദരും മറ്റും സ്കൂളിലെത്തി പരിശോധന നടത്തി.
അന്വേഷണ ഏജൻസികളുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ ക്ലാസ് മുറികളുടെയും മറ്റും അറ്റകുറ്റ പണി ആരംഭിച്ചു.