തീര പരിപാലന നിയമം ലംഘിച്ച ഫുഡ് കോർട്ടിന്റെയും പാർക്കിന്റെയും ലൈസൻസ് റദ്ദാക്കാൻ നടപടി
1454291
Thursday, September 19, 2024 3:18 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ആനച്ചാൽ പുഴയോടുചേർന്ന് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫുഡ് കോർട്ടിന്റെയും പാർക്കിന്റെയും എംഎസ്എംഇ ലൈസൻസ് റദ്ദാക്കാൻ നടപടി. അനധികൃതമായി സംമ്പാദിച്ച ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
കരുമാലൂർ പഞ്ചായത്ത് 19-ാം വാർഡ് പരിധിയിൽ ആനച്ചാൽ പുഴയോടു ചേർന്നാണ് ഏകദേശം ഒന്നരയേക്കറോളം വരുന്ന നിലം മണ്ണിട്ട് നികത്തി അനധികൃത നിർമാണം നടത്തിയിരിക്കുന്നത്.
കേരളീയ പരിസ്ഥിതി സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തുടർനടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം റവന്യു അധികൃതർ പരിശോധന നടത്തിയതിനു പിന്നാലെയാണ് അനധികൃതമായി സന്പാദിച്ച ലൈസൻസ് റദ്ദാക്കാൻ നടപടി ഉണ്ടായത്.
യാതൊരുവിധ അനുമതിയും പഞ്ചായത്ത് നൽകിയിട്ടില്ലെന്ന് കരുമാലൂർ പഞ്ചായത്ത് അസി. സെക്രട്ടറിയും അറിയിച്ചിരുന്നു. കരുമാലൂരിൽ പലയിടത്തും ഭൂമാഫിയ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളുംനികത്തി അനധികൃത നിർമാണങ്ങൾ നടത്തുന്നുണ്ട്.
കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരിയുടെ വാർഡിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുന്നത്.