തിരുവോണനാളിലെ നിരാഹാര നിൽപ്പു സമരം രാഷ്ട്രീയ നാടകമെന്ന്
1454039
Wednesday, September 18, 2024 3:59 AM IST
കൂത്താട്ടുകുളം: യുഡിഎഫ് നഗരസഭാംഗത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി രംഗത്ത്. തിരുവോണനാളിൽ യുഡിഎഫ് നഗരസഭാംഗം ബോബൻ വർഗീസ് നടത്തിയ നിരാഹാര നിൽപ്പു സമരം രാഷ്ട്രീയ നാടകമെന്ന് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വാർത്ത സൃഷ്ടിക്കാൻ നടത്തിയ സമരത്തെ യുഡിഎഫിലെ നേതാക്കളോ അംഗങ്ങളോ, പൊതുസമൂഹമോ ഏറ്റെടുത്തില്ല.
സമരത്തിൽ ഉന്നയിച്ച വിഷയങ്ങളെല്ലാം യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. വഴിവിളക്കുകൾ നന്നാക്കാൻ അഞ്ച് ലക്ഷം രൂപയ്ക്കാണ് കരാർ. ഒരു വാർഡിൽ 32 ലൈറ്റ് വീതം നന്നാക്കി അതത് നഗരസഭാംഗങ്ങൾ ഒപ്പിട്ടുതന്ന ബില്ലുകൾ മാത്രമാണ് മാറ്റി നൽകിയത്.
എല്ലാ വാർഡിലെയും മുഴുവൻ ലൈറ്റുകളും നന്നാക്കാനായിട്ടില്ല. അടുത്ത വർഷം 10 ലക്ഷത്തിന്റെ കരാറാണ് ഉണ്ടാകുക. അപ്പോൾ കൂടുതൽ ലൈറ്റുകൾ നന്നാക്കാനാകും. ഗുണനിലവാരം ഉറപ്പാക്കാൻ കൗണ്‍സിൽ തീരുമാന പ്രകാരം നിശ്ചിത കന്പനിയുടെ ബൾബാണ് ഉപയോഗിച്ചതെന്ന് നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു.
മലിനജലം ഓടയിലേക്ക് ഒഴുക്കിയ ഹോട്ടലിന് നോട്ടീസ് നൽകി നടപടി സ്വീകരിച്ചത് നഗരസഭാംഗം ആക്ഷേപമായി ഉന്നയിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തി ചെയ്യുന്നവർക്കെതിരെ തുടർന്നും നടപടിയെടുക്കും.
നഗരസഭാംഗം ജനങ്ങളിൽനിന്നും പാർട്ടിയിൽനിന്നും ഒറ്റപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ നടത്തിയ നിലനിൽപ്പ് നാടകം മാത്രമാണ് ഓണദിവസം നഗരസഭ ഓഫീസിനു മുന്നിൽ കണ്ടതെന്ന് നഗരസഭാധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.