മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി : നിർധന രോഗികൾക്ക് കാരുണ്യ പദ്ധതി ഒരുക്കുന്നു
1454035
Wednesday, September 18, 2024 3:59 AM IST
കോതമംഗലം: ആതുര സേവനത്തിന്റെ 46-ാം വാർഷികത്തോടനുബന്ധിച്ച് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി നിർധന രോഗികൾക്ക് കാരുണ്യ സ്പർശം പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 20ന് വൈകുന്നേരം 5.30ന് മാർ ബേസിൽ കണ്വൻഷൻ സെന്ററിൽ ആന്റണി ജോണ് എംഎൽഎ നിർവഹിക്കും.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും. ആതുര സേവനരംഗത്തെ ഏറ്റവും ആധുനിക ചികിത്സാ രീതികൾ മിതമായ നിരക്കിൽ സാധാരണക്കാരിലേക്ക് എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പെന്ന നിലയിലാണ് കാരുണ്യ ഗ്രാമം 2024 എന്ന പദ്ധതി അവതരിപ്പിക്കുന്നത്. വെർച്വൽ ആശുപത്രി ഭവനങ്ങളിലേക്ക് പദ്ധതി യാഥാർഥ്യമാക്കും.
20 മുതൽ ഒക്ടോബർ 20 വരെയാണ് കാരുണ്യ സ്പർശം പദ്ധതിയുടെ കാലാവധി. ഈ ഒരു മാസത്തിനുള്ളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന അർഹരായ 250 രോഗികൾക്ക് മിതമായ നിരക്കിൽ ഓപ്പറേഷൻ ചെയ്തു നൽകുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ഓപ്പറേഷന്റെ ഭാരിച്ച ചെലവുകൾ കാരണം പല രോഗികളും അവരുടെ രോഗങ്ങൾ പലതും കൊണ്ടുനടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എംബിഎംഎം ആശുപത്രി മാനേജ്മന്റ് ഇത്തരമൊരു പദ്ധതി രൂപീകരിച്ചിരിക്കുന്നത്. നല്ലവരായ അഭ്യുദയകാംഷികളും ഒരുമിച്ച് കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയിലുൾപ്പെടുത്തി 100 പേർക്ക് 50 ശതമാനം സൗജന്യ നിരക്കിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് നൽകും. 150 പേർക്ക് 50 ശതമാനം സൗജന്യ നിരക്കിൽ ഹെർണിയ, തൈറോയിഡ്, യൂട്രസ് റിമുവൽ ശസ്ത്രക്രിയകൾ നൽകും.
കൂടാതെ വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ മിതമായ നിരക്കിൽ ചെയ്തു നൽകും. വിവരങ്ങൾക്കും പദ്ധതിയിലേക്ക് സ്പോണ്സർ ചെയ്യുവാൻ താൽപ്പര്യമുള്ളവരും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ആശുപത്രി അസോസിയേഷൻ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, വൈസ് പ്രസിഡന്റ് ബാബു എം. കൈപ്പള്ളിൽ, ട്രഷറർ റോയ് ജോർജ് മാലിയിൽ,
ആശുപത്രി അഡ്മിനിസ്ട്രേറ്റർ തോമസ് മാത്യു, മെഡിക്കൽ സുപ്രണ്ട് ജോർജ് ഏബ്രഹാം, ബിനു വർഗീസ്, ചാർലി മാത്യു, വിൻസെന്റ് പൈലി, പ്രീറ്റ്സി പോൾ, എൽദോസ് എം. പാലക്കാടൻ എന്നിവർ പങ്കെടുത്തു.