ഉഗ്രശബ്ദവുമായി ബൈക്കുകൾ; കടിഞ്ഞാണിടാൻ എംവിഡി
1453800
Tuesday, September 17, 2024 1:53 AM IST
മൂവാറ്റുപുഴ: അമിത ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളിൽ മൂവാറ്റുപുഴ നഗരത്തിലൂടെ പായുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. അപകടകരമാവുംവിധം ചീറിപ്പായുന്ന ബൈക്ക് യാത്രക്കാരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്താനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സൈലൻസറിൽ കൃത്രിമം കാണിച്ച് ഉഗ്രശബ്ദം പുറപ്പെടുവിച്ച് നഗരത്തിലൂടെ പായുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തി പ്രത്യേക സൈലൻസറുകൾ പിടിപ്പിച്ച് അമിത വേഗത്തിൽ പായുന്നവരെ ഏതാനും മാസങ്ങൾക്ക് മുന്പ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് അമിത വേഗതക്കാർ നിരത്തുകളിൽ നിന്നും വലിഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും ഇക്കൂട്ടരെകൊണ്ട് മറ്റ് യാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. കാൽനട യാത്രക്കാർക്കാണ് ഏറെയും ദുരിതം. റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ മൂലം പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്.
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതകുരുക്കിനിടെ അമിതവേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ ഗതാഗതകുരുക്കിനിടയിലൂടെ നുഴഞ്ഞ് കയറിപോകുന്നതും അപകടങ്ങൾ വരുത്തുന്നുണ്ട്. നഗര വികസനത്തിന്റെ ഭാഗമായി റോഡിനു ഇരുവശങ്ങളിൽ നിർമാണ പ്രവർത്തികൾ നടക്കുന്നതും ഗതാഗത ക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഇതിനിടെയാണ് യാത്രക്കാർക്ക് ഭീഷണിയായി ഇരുചക്ര വാഹനങ്ങളുടെ ചീറിപ്പായലും. ഇതേതുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.