ഉത്രാട പാച്ചിൽ; നഗരത്തിൽ ഗതാഗതക്കുരുക്ക്
1453443
Sunday, September 15, 2024 3:58 AM IST
മൂവാറ്റുപുഴ: തിരുവോണം നാളിന് നാടും നഗരവും ഒരുങ്ങുമ്പോൾ ഉത്രാട പാച്ചിലിൽ നഗരത്തിൽ വൻ തിരക്ക്. സദ്യ വിളമ്പാനുള്ള ഇല മുതൽ ഓണക്കോടി വരെ എടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഇന്നലെ മൂവാറ്റുപുഴക്കാരും. പ്രതീക്ഷിച്ചത്ര തിരക്ക് എത്തിയില്ലെങ്കിലും മൂവാറ്റുപുഴയിലെ വിപണികളിലും ഉത്രാട ദിനത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നഗരത്തിലെ വഴിയോര കച്ചവടക്കാരും പച്ചക്കറി മാർക്കറ്റും ഓണസദ്യ ഒരുക്കി നൽകുന്ന ഹോട്ടലുകളും ഉൾപ്പെടെ മൂവാറ്റുപുഴയിൽ സജീവമായി. പുത്തൻ പ്രതീക്ഷകളുമായുള്ള പൊന്നോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിനായി മൂവാറ്റുപുഴയൊട്ടാകെ നഗരത്തിലേക്ക് ഇറങ്ങിയതോടെ ഉത്രാടനാളിൽ നഗരത്തിൽ ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടത്. ഓണാഘോഷ ഒരുക്കങ്ങൾക്കായി മൂവാറ്റുപുഴ നഗരം തയാറെടുപ്പുകൾ ആരംഭിച്ചത് മുതൽ ഗതാഗതക്കുരുക്ക് തുടങ്ങിയിരുന്നു.
എങ്കിലും കാലാവസ്ഥയും അനുകൂലമായി നിൽക്കുന്നതോടെ ഗതാഗതകുരുക്കിനെ അവഗണിച്ച് പൊന്നിൻ ചിങ്ങത്തെ ആഘോഷമാക്കുകയാണ് മൂവാറ്റുപുഴയും. റോഡിലെ തിരക്ക് കടകളിൽ ദൃശ്യമാകാത്തത്തിന്റെ നേരിയ ദുഖത്തിലാണ് വ്യാപരികൾ.