ആലുവ-മൂന്നാർ റോഡ് പുനർനിർമാണം: വാട്ടർ അഥോറിറ്റി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി
1453436
Sunday, September 15, 2024 3:42 AM IST
ആലുവ: കുണ്ടും കുഴിയുമായി തീർന്ന മൂന്നാർ റോഡിന്റെ പുനർനിർമാണം നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ വീണ്ടും. ടാറിംഗ് മുമ്പ് നടക്കേണ്ട വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ വൈകുന്നതിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി.
വാട്ടർ അഥോറിറ്റി യുദ്ധകാലാടിസ്ഥാനത്തിൽ അവരുടെ ജോലി നടത്താൻ കഴിയുന്നില്ലെങ്കിൽ പിഡബ്ല്യുഡി ഏർപ്പെടുത്തിയ കരാറുകാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടേണ്ടിവരുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവർ മുന്നറിയിപ്പ് നൽകി.
റോഡ് സംരക്ഷണ ജനകീയ സമിതി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസിന്റെ ഉത്തരവ്. കേസ് 23 ന് വീണ്ടും പരിഗണിക്കും. കേരള ജല അതോറിറ്റിയുടെ പ്രവർത്തന രീതിയിൽ പൂർണമായും നിരാശരാണെന്നും പിഡബ്ല്യുഡി അനുഭവിക്കുന്ന ഏതെങ്കിലും നഷ്ടത്തിന് വാട്ടർഅഥോറിറ്റി ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ഉത്തരവിൽ പറയുന്നു.
റോഡ് നിർമാണത്തിന് കരാറെടുത്തിരിക്കുന്ന കമ്പനിക്ക് പദ്ധതി വൈകുന്നതിനാൽ നഷ്ടം വർധിക്കുന്നതായും കരാറിൽ നിന്ന് പിൻമാറാൻ താത്പര്യം പ്രകടിച്ചതും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൂന്ന് വർഷം മുമ്പ് നടക്കേണ്ട റോഡ് ടാറിംഗ് ആണ് ജൽ മിഷൻ പദ്ധതി കാരണം നീളുന്നത്. റോഡിലെ കുഴിയിൽ വീണ് ജീവഹാനി വരെ സംഭവിച്ചപ്പോൾ ഹൈക്കോടതി ഇടപെട്ടിരുന്നു. 2022 നവംബറിൽ റോഡ് ടാറിംഗ് നടക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലം നൽകിയത്. എന്നാൽ ജൽ മിഷൻ പദ്ധതി വന്നതോടെ ഭീമൻ കുഴലുകളിടാനായി റോഡിരുവശവും വീണ്ടും കുത്തിപ്പൊളിച്ചു.
പദ്ധതി പൂർത്തീകരിച്ചെങ്കിലും ആലുവ-മൂന്നാർ റോഡിൽ തോട്ടുംമുഖം മുതൽ പകലോമറ്റം വരെ പലയിടത്തായി ചോർച്ചയുണ്ട്. ഈ ചോർച്ച മാറ്റിയാൽ മാത്രമേ റോഡ് ടാറിംഗ് നടത്താനാകൂ. കഴിഞ്ഞ 10 വർഷമായി മൂന്നാർ റോഡിലെ ആലുവ മേഖല പൂർണ തോതിൽ ടാറിംഗ് നടത്തിയിട്ടില്ല. റോഡ് വീതീകൂട്ടലും നടക്കാനുള്ളതിനാൽ ടാറിംഗ് ഇനിയും വൈകുമെന്ന ആശങ്ക നാട്ടുകാർക്കും വ്യാപാരികൾക്കുമുണ്ട്.