തിരുവോണം കളറാക്കാന്‍ ഉത്രാടത്തില് പാഞ്ഞോടി കൊച്ചിയും
1453428
Sunday, September 15, 2024 3:42 AM IST
കൊച്ചി: ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനും ഉത്രാടദിനത്തില്‍ ഓട്ടപ്പാച്ചിലിലായിരുന്നു കൊച്ചിക്കാര്. തൂശനില മുതല്‍ റെഡി ടു ഈറ്റ് സദ്യവരെ വാങ്ങിക്കൂട്ടാനുള്ളവരുടെ തിരക്കില്‍ ഇന്നലെ നഗരം തിമര്‍പ്പിലായിരുന്നു.
രാവിലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളുമായി നഗരത്തിലെത്തിയതോടെ ഉച്ചമുതല്‍ പ്രധാന റോഡുകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വൈകിട്ടോടെ റെയില്‍വേ സ്റ്റേഷനുകളിലും എറണാകുളം കെഎസ്ആര്‍ടിസി, വൈറ്റില ഹബ് എന്നിവിടങ്ങളിലും കൊച്ചി മെട്രോയിലുമൊക്കെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. അത്തപ്പൂക്കളത്തിനുള്ള പൂവിപണിയും മറ്റുമായി വഴിയോരക്കച്ചവടങ്ങളും സജീവമായിരുന്നു.
എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ് വേ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം കച്ചവടവും. വസ്ത്രശാലകളിലും പച്ചക്കറി വിപണിയിലുമായിരുന്നു തിരക്ക് മുഴുവനും. ഇതിനു പുറമേ ജ്വല്ലറികളിലും പതിവില്‍ നിന്നും വ്യത്യസ്തമായി തിരക്ക് അനുഭവപ്പെട്ടു. ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ കടകളില്‍ ടോക്കണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എറണാകുളം നോര്‍ത്തില്‍ ഉള്‍പ്പെടെ നഗരത്തിന്റെ വഴിയോരങ്ങളില്‍ പൂക്കച്ചവടം തകൃതിയായിരുന്നു.
തിരുവോണനാളില്‍ പൂക്കളമൊരുക്കാന് ധാരാളം പേരാണ് പൂക്കള്‍ വാങ്ങാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ പൂക്കള്‍ക്ക് വിലകുറവായിരുന്നുവെന്നതും തിരക്കേറ്റി.
പായസമേളകളിലും വലിയ തോതില്‍ കച്ചവടം നടന്നു. ഒപ്പം ബേക്കറികളിലും ഹോട്ടലുകളിലും പായസം വാങ്ങാന്‍ നിരവധി ആളുകളെത്തി. ഏതാനും ചില റസ്റ്റോറന്റുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ഇന്നത്തേക്ക് മൂന്‍കൂട്ടി ലഭിച്ചിരിക്കുന്ന ഓണസദ്യ ഒരുക്കന്നതിന്റെ തിരക്കിലായിരുന്നു.
ഓണവിപണിയില്‍ ഉണര്‍വില്ലാതെ മൂവാറ്റുപുഴ
മൂവാറ്റുപുഴ: തിരുവോണ സദ്യക്കുള്ള പച്ചക്കറികളും, തിരുമുറ്റത്ത് ഇടാനുള്ള അത്തപ്പൂ ഒരുക്കുന്നതിനുള്ള പൂവുകളും പുത്തന്‍ ഓണക്കോടിയും വാങ്ങാന്‍ ജില്ല തിരക്കിലാകുമ്പോള്‍ മുവാറ്റുപുഴയുടെ ഓണ വിപണിക്ക് ഇന്നത്തവണയും ഉണര്‍വുണ്ടായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ഓണക്കാലത്തും വ്യാപാരികള്‍ക്ക് പ്രഹരമായിരിക്കുകയാണെന്നാണ് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്റെ പരാതി.
കോവിഡ് കാലം മുതല്‍ നഷ്ടമായ ഓണക്കച്ചവടം ഇതുവരെയും പുനരാരംഭിക്കാന്‍ സാധിച്ചില്ല. പച്ചക്കറി വ്യാപാരവും മന്ദഗതിയിലായിരുന്നു. നഗര വികസനത്തിന്റെ ഭാഗമായി അനന്തമായി നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ഗതാഗതക്കുരുക്കുമൊക്കെ തിരിച്ചടിയായെന്ന് മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍ പറഞ്ഞു.
അടുത്ത വര്‍ഷമെങ്കിലും ഓണവിപണി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് മൂവാറ്റുപുഴയിലെ വ്യാപാരികള്‍. ഗതാഗതക്കുരുക്കിനിടയിലും പകിട്ടൊട്ടും ചോരാതെ തന്നെ ഓണമാഘോഷിക്കാന്‍ തന്നെയാണ് മൂവാറ്റുപുഴക്കാരുടെ തീരുമാനം.