വധശ്രമം: എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
1453219
Saturday, September 14, 2024 3:51 AM IST
കാലടി: വധശ്രമത്തെത്തുടർന്ന് എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മലയാറ്റൂർ കാടപ്പാറ വെട്ടിക്ക മനോജ് (ലൂണ മനോജ് )നെയാണ് കാലടി പോലീസും പെരുമ്പാവുർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.
2016ൽ കാടപ്പാറയിലുള്ള യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഇയാൾ സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോകുകയായിരുന്നു. കാലടി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
വേഷം മാറി പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. തമിഴ്നാട് വിരുതനഗറിൽ കൃഷ്ണൻ കോവിൽ ഗ്രാമത്തിലെ ഉൾപ്രദേശത്തുനിന്നുമാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവിടെ നിർമാണത്തൊഴിലാളിയായി കഴിയുകയായിരുന്നു. മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ദിവസങ്ങളോളം പ്രദേശത്ത് വേഷം മാറി താമസിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയാണ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. 21 കേസിൽ പ്രതിയായ ഇയാൾ കാലടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
എഎസ്പി മോഹിത്ത് റാവത്ത്, കാലടി സിഐ അനിൽകുമാർ മേപ്പിള്ളി, എസ്ഐ ജോസി എം. ജോൺസൻ, എഎസ്ഐ അബ്ദുൾ മനാഫ്, ടി.എ. അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.