നഗരസഭ നിലപാട് കർശനമാക്കുന്നു: മാലിന്യ സംസ്കരണത്തിന് വഴി തേടി ആലുവയിലെ ഹോട്ടലുകൾ
1452671
Thursday, September 12, 2024 3:49 AM IST
ആലുവ: മാലിന്യ സംസ്കരണത്തിന് വഴിയില്ലാതെ ആലുവ നഗരത്തിലെ നൂറ്റമ്പതോളം ഭക്ഷണശാലകൾ. ലൈസൻസ് പുതുക്കാനുള്ള സമയപരിധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ നഗരസഭ നിലപാട് കർശനമാക്കിയതോടെ ഹോട്ടലുകളും റസ്റ്റോറന്റുകളും ആശങ്ക യിലായി.
പെരിയാറിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നതിനെതിരെ ഗ്രീൻ ട്രിബ്യൂണൽ ആലുവ നഗരസഭയ്ക്ക് മൂന്നു കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്. പാലസ് റോഡിൽ അദ്വൈതാശ്രത്തിന് സമീപത്ത് കൂടി പോകുന്ന വലിയ കാനയിലൂടെയാണ് പെരിയാറിലേക്ക് പ്രധാനമായും നഗരത്തിലെ ജലമാലിന്യം തള്ളുന്നത്. ഇവിടെ ഉണ്ടായിരുന്ന ശുദ്ധീകരണ പ്ലാന്റ് പ്രളയകാലത്ത് പൂർണമായി നശിച്ചുപോയതാണ് മാലിന്യം അതേപടി പുഴയിൽ എത്താൻ കാരണം.
നഗരസഭ എടുക്കുന്ന നടപടികളെ ആശ്രയിച്ചാണ് പരിസ്ഥിതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രീൻ ട്രിബ്യൂണൽ വിധി പുനഃപരിശോധിക്കുക. ആലുവയിലെ ഹോട്ടലുകളും അശുപത്രികളും ഒഴുക്കിവിടുന്ന മാലിന്യം ശുദ്ധീകരിക്കാനുള്ള സംവിധാനം നിർബന്ധമായി നടപ്പിലാക്കണമെന്ന നിലപാട് നഗരസഭ എടുക്കാൻ കോടതി വിധിയാണ് കാരണമെന്ന് ആരോഗ്യസ്ഥിരം സമിതിയധ്യക്ഷൻ എം.ടി. സൈമൺ ദീപികയോട് പറഞ്ഞു.
ഹോട്ടൽ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഹോട്ടൽ ഉടമയും മുൻ ഭാരവാഹിയുമായ തോമസ് പറഞ്ഞു. കൊച്ചി, ആലുവ മേഖലകളിലെ ഹോട്ടലുകൾക്ക് വേണ്ടി നിർമിക്കുന്ന പ്ലാന്റിന് സർക്കാർ സഹകരണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലുവ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സെപ്റ്റിക് മാലിന്യം അടക്കം സംസ്കരിക്കാനുള്ള വിപുലമായ സംവിധാനം ഇല്ല. കെട്ടിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള സ്ഥലവും പരിമിതമാണ്. ഇതെങ്ങിനെ മറികടക്കാനാകുമെന്നാണ് വ്യാപാരികളും പരിശോധിക്കുന്നത്.
രണ്ടുമാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് നടത്തിയ സംയുക്ത പരിശോധനയിൽ പൊതു കാനയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തിയിരുന്നു. പല സ്ഥാപനങ്ങൾക്കും 10,000 രൂപ മുതൽ 50,000 രൂപ വരെ ആലുവ നഗരസഭ പിഴയും ഈടാക്കിയിരുന്നു. രണ്ട് ഹോട്ടലുകൾ ആഴ്ചകളോളം അടച്ചിടേണ്ടതായും വന്നിരുന്നു.
സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് ജൈവ മാലിന്യം നീക്കണമെന്നാണ് നഗരസഭയുടെ തീരുമാനം. പ്ലാസ്റ്റിക് മാലിന്യത്തിന് 100 രൂപ നൽകിയാൽ എല്ലാ മാസവും ഹരിത കർമ സേന കൊണ്ടുപോകും