കളമശേരിയില്‍ 14.5 കോടിയുടെ പ്രളയനിവാരണ പദ്ധതി ഒന്നരവർഷത്തിനുള്ളിൽ
1452665
Thursday, September 12, 2024 3:36 AM IST
കൊച്ചി: കളമശേരി നഗരസഭയിലെ പൊട്ടച്ചാല്‍, പരുത്തേലി പ്രദേശങ്ങളില്‍ പ്രളയ വെള്ളക്കെട്ട് സാധ്യതകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഒന്നര വർഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരസഭയിലെ അല്‍ഫിയ നഗര്‍, അറഫാ നഗര്‍, വിദ്യാനഗര്‍, കൊച്ചി സര്‍വകലാശാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. പൊട്ടച്ചാല്‍ തോടിന്റെ സമഗ്ര നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മന്ത്രി പി. രാജീവിന്റെ നിര്‍ദേശപ്രകാരം ജലവിഭവ വകുപ്പ് മാപ്പിംഗ് നടത്തിയാണ് പരിഹാര പദ്ധതി തയാറാക്കിയത്. ബോക്സ് കൾവര്‍ട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവന്‍ സുഗമമായി ഒഴുകിപ്പോകാന്‍ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്പനയെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.
കൾവര്‍ട്ടും പുനഃസ്ഥാപിക്കും. ജനവാസ മേഖലകളായ പൊട്ടച്ചാല്‍, കുസാറ്റ് തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുജനാഭിപ്രായം സ്വരൂപിച്ചാണ് പദ്ധതി അന്തിമമാക്കിയത്.