മഞ്ഞപ്ര ഫൊറോന വിവാഹോത്സവ് സംഘടിപ്പിച്ചു
1451523
Sunday, September 8, 2024 3:51 AM IST
അങ്കമാലി: മഞ്ഞപ്ര ഫൊറോനാ ജൂബിലേറിയന് ദമ്പതീസംഗമം വിവാഹോത്സവ് ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു. വിവാഹ ജീവിതത്തിന്റെ രജത -സുവര്‍ണ ജൂബിലിയുടെ ഓര്‍മകള്‍ പുതുക്കി ഇരുന്നൂറോളം ദമ്പതികള്‍ പങ്കെടുത്തു. എറണാകുളം-അങ്കമാലി അതിരൂപത കുടുംബ പ്രേക്ഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷനു മൂഞ്ഞേലി, അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് മണവാളന്, ഫൊറോന ഫാമിലി അപ്പസ്തോലിക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ആലുക്ക, ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ കിരണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ജൂബിലേറിയന്‍സിന് കേക്ക് മുറിച്ച് മധുരം കൈമാറി. മെമെന്റോയും സമ്മാനിച്ചു. ചുള്ളി സെന്റ് ജോര്‍ജ് ഇടവക വിശ്വാസ പരിശീലന വിഭാഗം, മാതൃസംഘം, കൈക്കാരന്മാര്, വൈസ് ചെയര്മാന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.