യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; മൂന്നു പേര് അറസ്റ്റില്‍
1451279
Saturday, September 7, 2024 3:29 AM IST
അങ്കമാലി: മുന്നൂര്‍പ്പിള്ളിയില്‍ ഗുണ്ടാസംഘം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടില്‍ അരുണ്‍കുമാര്‍(36), താബോര്‍ അരണാട്ടുകാരന് വീട്ടില്‍ ജിനേഷ് (40), അടിച്ചിലി കിലുക്കന്‍ വീട്ടില്‍ സിവിന്(33) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സതീഷിന്റെ സഹായികളാണ് ഇവര്‍. സതീഷും പ്രധാന പ്രതിപ്പട്ടികയിലുള്ള മറ്റു രണ്ടു പേരും ഒളിവിലാണ്.
അങ്കമാലി പാലിശേരി കൂരത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെയും ജലജയുടെയും മകന് രഘു(35) ആണ് ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. രഘുവിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൂലേപ്പാറ ശ്മശാനത്തില്‍ സംസ്കാരം നടത്തി. തലയിലെ ആന്തരിക രക്തസ്രാവവും ശ്വാസനാളത്തിലെ പൊട്ടലുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അടിയേറ്റതിന്റെ അറുപതോളം പാടുകൾ
പുറത്ത് അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. അടിയേറ്റതിനെ തുടര്‍ന്നാണ് തലയില്‍ രക്തസ്രാവമുണ്ടായത്. ശക്തമായി കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടര്‍ന്നാണ് ശ്വാസനാളം പൊട്ടിയത്. ഗുണ്ടാസംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം രഘുവിനെ മുന്നൂര്‍പ്പിള്ളിയിലെ സുഹൃത്ത് സുജിത്തിന്റെ വീടിന് സമീപം രാത്രിയില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു. രഘുവിനെ സുജിത്തിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയായ കട്ടിംഗ് സ്വദേശി സതീഷിന്റെയും കൂട്ടാളികളുടെയും പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ ഒരു വാടക കെട്ടിടത്തില്‍ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഈ ചാരായം രഘുവും കൂട്ടുകാരും കടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. രഘുവിന്റെ രണ്ടു സുഹൃത്തുകളെ നേരത്തെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു.
എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയില്ല. ഇവരില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ ഡിവൈഎസ്പി ടി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.