വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി : പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1451021
Friday, September 6, 2024 4:09 AM IST
കൊച്ചി: വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി ഗേറ്റിന്റെ പ്രവേശന കവാടത്തില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ല് മാറ്റാന്‍ അയല്‍വാസി തയാറാകുന്നില്ലെന്ന പരാതിയില്‍ ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി യുക്തമായ തീരുമാനം പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം വി.കെ. ബീനാകുമാരി.
പരാതിക്കാരനായ കോതമംഗലം നെല്ലിക്കുഴി സ്വദേശി പി.ഡി. മോഹനന് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുകക്ഷികളെയും ഒരുമിച്ചിരുത്തി പരാതി പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
എന്നാല്‍ പരാതിക്ക് പരിഹാരമായില്ലെന്ന് പരാതിക്കാരന് കമ്മീഷനെ അറിയിച്ചു. ഹൈക്കോടതി വിധിന്യായം നടപ്പിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി എതിര്‍കക്ഷിക്ക് നല്കിയ നിര്‍ദേശം നടപ്പിലാക്കിയിട്ടില്ലെങ്കില്‍ അതു പാലിക്കുന്നതിന് നിയമപ്രകാരമുള്ള നടപടി പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. നടപടി റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷനില്‍ ഹാജരാക്കണം.