ആയക്കാട് കവലയില്‍ കാർ മൂടിയില്ലാത്ത ഓടയിൽ വീണു
1450741
Thursday, September 5, 2024 4:10 AM IST
കോതമംഗലം: തൃക്കാരിയൂര്‍ ആയക്കാട് കവലയില്‍ പണി പൂര്‍ത്തിയാക്കാത്ത ഓടയിലേക്ക് വീണ് കാർ അപകടം. യാത്രക്കാര്‍ക്ക് പരിക്കില്ല. എതിരെ വന്ന വാഹനത്തിന് കടന്നുപോകാന്‍ വഴിയൊരിക്കിയപ്പോഴാണ് കാറിന്റെ ഇടത് വശത്തെ മുന്‍ചക്രം ഓടയില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഒരു ചക്രം ഓടയില്പ്പെടുകയും എതിര്‍വശത്തെ പിന്‍ചക്രം ഉയരുകയും ചെയ്തു. കാര്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
ആയക്കാട് വേട്ടാംപാറ റോഡില്‍ ഒരു വര്‍ഷം മുമ്പാണ് കോടികളുടെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ആയക്കാട് കവലയില്‍ ഓടയ്ക്ക് മുകളിൽ ഏതാനും സ്ലാബുകള്‍ ഇടാതെ പോയതാണ് വാഹനങ്ങളേയും കാല്‍നടക്കാരേയും അപകടത്തിലാക്കുന്നത്. സ്ലാബ് സ്ഥാപിക്കാനായി തീര്‍ത്ത കോണ്‍ക്രീറ്റ് ഭാഗം ഇതിനോടകം പൊട്ടിതകര്‍ന്ന നിലയിലാണ്.
മൂന്നും കൂടിയ ജംഗ്ഷനില്‍ വെറ്റിലപ്പാറ, അയിരൂര്‍പ്പാടം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിന് തൊട്ടു ചേര്‍ന്നാണ് മൂടിയില്ലാത്ത കാന. ബസില്‍നിന്ന് ധൃതിപിടിച്ച് ഇറങ്ങുന്നവര്‍ തുറന്ന കാന ശ്രദ്ധയില്‍പ്പെടാതെ കാലെടുത്ത് വയ്ക്കുമ്പോള്‍ കുഴയിലാകും. ഇത്തരത്തില്‍ വീണ് കൈയ്യും കാലും പൊട്ടിയവരുമുണ്ട്.
ഇതിനോടകം നിരവധി വാഹനങ്ങളും ആളുകളും കാനയില്‍ വീണ് അപകടത്തിലായിട്ടും പൊതുമരാമത്ത് അധികാരികള്‍ കാട്ടുന്ന അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.