വാക്കുതർക്കം; യുവാവിന് തലയ്ക്കടിയേറ്റു, സഹോദരങ്ങൾ അറസ്റ്റിൽ
1444809
Wednesday, August 14, 2024 4:25 AM IST
വരാപ്പുഴ: ദേശീയപാത 66ൽ വരാപ്പുഴ തിരുമൂപ്പത്ത് വാക്കുതർക്കത്തെതുടർന്നു യുവാവിനെ കമ്പിവടിക്ക് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ. വരാപ്പുഴ തിരുമുപ്പം ഭഗവതിപ്പറമ്പിൽ കൃഷ്ണകുമാർ (29), അനിൽകുമാർ (27) എന്നിവരെയാണു വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും തിരുമുപ്പം കുളത്തിനു സമീപമാണു താമസിക്കുന്നത്. കഴിഞ്ഞ തിരുമുപ്പം കുളത്തിനു സമീപം കാർ പാർക്ക് ചെയ്ത ശേഷം തൃശൂർ സ്വദേശികളായ ദമ്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതു പരിഹരിക്കാൻ ഒപ്പമുണ്ടായ ദമ്പതികളായ സുഹൃത്തുക്കൾ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവിടെ സൈക്കിളിൽ എത്തിയ കൃഷ്ണകുമാർ പ്രശ്നത്തിൽ ഇടപെട്ടതാണ് സംഘർഷത്തിലേക്കു നയിച്ചത്.
വാക്കേറ്റത്തെതുടർന്നു കൃഷ്ണകുമാർ സമീപത്തുള്ള വീട്ടിൽ പോയി സഹോദരൻ അനിൽകുമാറിനെയുംകൂട്ടി എത്തിയതോടെ ദമ്പതികളും ഇവരും തമ്മിൽ തർക്കമായി. ഇതിനിടെയാണു ദമ്പതികളിൽ ഒരാളുടെ തലയിൽ കമ്പിവടികൊണ്ടു അടിയേറ്റത്.
തടയാൻ ശ്രമിക്കുന്നതിനിടെ കൂടെയുള്ള സുഹൃത്തിനും അടിയേറ്റു. തൃശൂർ തെക്കുംകര സ്വദേശി റിസ്വാൻ അബ്ദുൾ സലാമി(25)നാണു തലയ്ക്കടിയേറ്റത്. കുറച്ചു നാൾ മുന്പ് ഇയാൾ തൃശൂരിൽനിന്നു കൂനമ്മാവിലേക്ക് താമസം മാറ്റിയിരുന്നു.
തലയ്ക്കു ഗുരുതര മുറിവേറ്റ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് വിഭാഗം ഇന്നലെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു.