മൂവാറ്റുപുഴ ടൗണ്‍ വികസനം; യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് തുടക്കമായി
1444489
Tuesday, August 13, 2024 3:51 AM IST
മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് തുടക്കമായി. കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആർഎംയു (റിംഗ് മെയിൻ യൂണിറ്റുകൾ) സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്. ടൗണ്‍ റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ഇബി പോസ്റ്റുകൾ മാറ്റിത്തുടങ്ങി. ഇതിന് ആവശ്യമായ ആർഎംയുകൾ നേരത്തെ മൂവാറ്റുപുഴയിൽ എത്തിയിരുന്നു.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ആവശ്യങ്ങൾക്കായി കെഎസ്ഇബിക്ക് 3.16 കോടിയും ജല അഥോറിറ്റിക്ക് 1.95 കോടിയും കെആർഎഫ്ബി അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് മുന്‍പായി വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനുള്ള ആധുനിക സാങ്കേതിക ഉപകരണമായ ആർഎംയു സ്ഥാപിക്കേണ്ടതാണ്.
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിൽ ആർഎംയു സ്ഥാപിക്കുന്ന പ്രവൃത്തികൾക്കാണ് ഇന്നലെ തുടക്കമിട്ടതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ആർഎംയുകൾ സ്ഥാപിക്കുന്നതോടെ 11 കെവി ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റും. കൂടാതെ പുതിയ കണക്ഷനുകൾ ലൈനുകൾ വലിക്കാതെ ആർഎംയുവിൽനിന്ന് കേബിൾ വഴി നേരിട്ട് നൽകുവാനും സാധിക്കും. 23 ആർഎംയുകളാണ് നഗരത്തിൽ സ്ഥാപിക്കേണ്ടത്.