ആർദ്ര കേരളം : മണീട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് പുരസ്കാരം
1444485
Tuesday, August 13, 2024 3:51 AM IST
പിറവം: മണീട് കുടുംബ ആരോഗ്യ കേന്ദ്രം വീണ്ടും പുരസ്കാര നിറവിൽ. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് 2022-23 സംസ്ഥാന തലത്തിൽ ആർദ്രകേരളം പുരസ്കാരം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ലഭിച്ചു. 10 ലക്ഷം രൂപയാണ് പുരസ്കാരത്തുക. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ സ്പെഷൽ ഇന്നവേഷൻ പുരസ്കാരവും, രണ്ടര ലക്ഷം രൂപയും മണീടിന് ലഭിച്ചതാണ്. ഇതിന് മുമ്പ് 2019, 2020 വർഷങ്ങളിലും പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.
സ്വാന്തന പരിചരണ പരിപാടികളും, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് മണീടിനെ മുന്നിലെത്തിച്ചത്. കൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും ശ്രദ്ധനേടി.
കഴിഞ്ഞ സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ 54,74,984 രൂപയും, ശുചിത്വ പരിപാലനത്തിന് 12 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്പോൾ വർഗീസ് പറഞ്ഞു. പഞ്ചായത്തിൽ ഓപ്പൺ ജിംനേഷ്യങ്ങളും, എല്ലാ വാർഡുകളിലും യോഗ ക്ലബുകളുടെ പ്രവർത്തനവും, പരിശീലനങ്ങളും മണീടിനെ വേറിട്ടുനിർത്തി. ഈ പ്രവർത്തനമികവ് മണീടിനെ 98.6 ശതമാനം പോയിന്റോടെ മുന്നിലെത്തിച്ചു.
ആയൂർവേദ രംഗത്ത് പഞ്ചകർമ ചികിത്സയ്ക്കായി ജില്ലയിൽ ആദ്യമായി ഡിസ്പൻസറിയിൽ ആരംഭിച്ചത് ഇവിടെയാണ്. സുതിക നവജാത ശിശു പരിചര്യ, ആയൂർവേദ പാലിയേറ്റീവ് തുടങ്ങിയവയിലൂടെ നബാമിന്റെ അക്രഡിറ്റേഷൻ മണീട് ആയൂർവേദ ഡിസ്പൻസറിക്ക് ലഭിച്ചു. നെച്ചൂർ മെയിൻ സെന്ററും, മണീട് സബ് സെന്ററുമായി ഹോമിയോപ്പതിക് ചികിത്സയും മുന്നേറ്റത്തിലാണ്. മൂന്നു ചികിത്സാലയങ്ങളും മികച്ച പ്രവർത്തനം കാഴ്ചവച്ചതിലൂടെ മണീട് വീണ്ടും കേരളത്തിന് മാതൃകയായി.
മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്
മൂവാറ്റുപുഴ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ മൂവാറ്റുപുഴ നഗരസഭ മൂന്നാമത്. മന്ത്രി വീണ ജോർജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്.
2022-23 ആരോഗ്യ മേഖലയിൽ മാത്രമായി നഗരസഭ 10 കോടി ചെലവഴിച്ചതായും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവയ്പ്പ്,
വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമാർജനം എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്. ജില്ലയിൽ ആദ്യമായി വെൽനസ് സെന്റർ ആരംഭിച്ചതും ഇവിടേക്ക് അനുവദിച്ച തുക നൂറശതമാനം സംസ്ഥാനത്ത് ആദ്യം ചെലവഴിച്ചതും മൂവാറ്റുപുഴ നഗരസഭയാണ്.
മൂവാറ്റുപുഴ ജനറൽ ആശുപത്രി, ഹോമിയോ, ആയുർവേദ ആശുപത്രികൾ, കിഴക്കേകര, കുര്യൻമല വെൽനസ് സെന്ററുകൾ വഴിയാണ് ആർദ്ര കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയത്.