കാപ്പ ചുമത്തി നാടുകടത്തി
1443305
Friday, August 9, 2024 4:07 AM IST
കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കുട്ടന്പുഴ പിണവൂർകുടി ആനന്ദൻകുടി പുത്തൻവീട്ടിൽ കിരണിനെ (കണ്ണൻ-33) യാണ് ആറ് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കുട്ടന്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം ചെയ്യൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറച്ചിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ മേയിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി വാഹനത്തിന്റെ താക്കോൽ കവർച്ച ചെയ്തതിന് കുട്ടന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെതുടർന്നാണ് നടപടി.