എൻജിൻ തകരാർ; ബോട്ട് ഒഴുകിനടന്നു
1443287
Friday, August 9, 2024 3:45 AM IST
മരട്: എൻജിൻ തകരാർ മൂലം കായലിൽ ബോട്ട് ഒഴുകി നടന്നത് പരിഭ്രാന്തി പരത്തി. കുമ്പളം-തേവര റൂട്ടിലുണ്ടായിരുന്ന യാത്രാ ബോട്ടാണ് എൻജിൻ തകരാർ മൂലം വേമ്പനാട്ടുകായലിൽ ഒഴുകിനടന്നത്. പ്രദേശത്തെടൂറിസ്റ്റ് ബോട്ടിന്റെ ഉടമയായ സനിൽ കളപ്പുരക്കൽ ബോട്ട് കൊണ്ടുചെന്ന് കെട്ടി വലിച്ച് യാത്രക്കാരെ കരയ്ക്കെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച വൈകിട്ട് 6.30 ന്റെ സർവീസിലായിരുന്നു യാത്രക്കാര ഭയപ്പെടുത്തിയ സംഭവമുണ്ടായത്. ശക്തിയേറിയ വേലിയിറക്കം മൂലം ഒഴുക്കിൽപ്പെട്ട ബോട്ട് അതിവേഗത്തിൽ നിലയെത്താ ദൂരത്തേക്ക് ഒഴുകി. ഏറെയും സ്ത്രീകളായിരുന്ന യാത്രക്കാർ പരിഭ്രാന്തിയോടെ അലമുറയിടുകയായിരുന്നു.
നാട്ടുകാരുടെ നിരവധി നാളത്തെ പ്രക്ഷോഭങ്ങൾക്ക് ശേഷം പുനരാരംഭിച്ച ബോട്ട് സർവീസാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. എംപി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ ബോട്ട് എത്രയും വേഗം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.